Monday, December 22, 2008

യോഗ്യതയായി വേണ്ടത് വിശ്വാസം മാത്രം
നേടാന്‍ ലക്ഷങ്ങള്‍;
അന്ത്യം ജയിലിലും
 
വീട്ടിലിരുന്നും ലക്ഷങ്ങള്‍ സമ്പാദിക്കാം! തുണയ്ക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ മതി. എളുപ്പത്തില്‍ പണക്കാരാവാന്‍ വഴിതേടുന്നവര്‍ക്ക് ഇങ്ങനെയൊരു ഓഫര്‍ കണ്ടാല്‍ അടങ്ങിയിരിക്കാനാവുമോ? പക്ഷേ, ഇതൊരു സാമ്പത്തിക കുറ്റകൃത്യത്തിന്റെ തുടക്കമാണെന്ന് അത്രപെട്ടെന്നൊന്നും തിരിച്ചറിയില്ല. ജയില്‍വാസത്തിലേക്ക് എത്തുമ്പോഴെ വിവരമറിയൂ. 
'ഗോള്‍ഡന്‍ ഓഫര്‍' മുന്നോട്ടുവയ്ക്കു ന്ന സ്ഥാപനങ്ങള്‍ 'ചെയ്യേണ്ടത് ഇത്രമാത്രം' എന്നുപറഞ്ഞ് നിര്‍ദ്ദേശിക്കുന്നത് ഇതാണ്; നിങ്ങളുടെ അക്കൌണ്ടിലേക്ക് അയച്ചുതരുന്ന തുക സ്ഥാപനം നിര്‍ദ്ദേശിക്കുന്ന അക്കൌണ്ടിലേക്ക് മാറ്റിക്കൊടുക്കുക. ഇത്രയും മതി. പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെയാണ് ഇതിനുള്ള പ്രതിഫലം. ഇങ്ങനെ ലക്ഷക്കണക്കിന് രൂപ മറ്റുള്ള അക്കൌണ്ടിലേക്ക് മറിയുമ്പോള്‍ ലഭിക്കുന്നത് പതിനായിരങ്ങള്‍. 
വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ അക്കൌണ്ടുകള്‍ വഴി പണംകൈമാറ്റം നടത്തുന്ന നിരവധി തട്ടിപ്പുസംഘങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ സജീവമാണ്. ഇ-മെയില്‍ വഴിയാണ് ഈ തട്ടിപ്പിന്റെ രംഗപ്രവേശം കൂടുതലും. ഓണ്‍ലൈനിലെന്നപോലെ പത്രങ്ങളിലും പരസ്യംകൊടുത്ത് ഇരകളെ കണ്ടെത്തുന്ന കമ്പനികളും കുറവല്ല. ഫിനാഷ്യല്‍ മാനേജര്‍, ഇന്റര്‍നാഷണല്‍ സെയില്‍സ് റപ്രസെന്റേറ്റീവ്, ഷിപ്പിംഗ് മാനേജര്‍ തുടങ്ങിയ തസ്തികകളിലേക്കാവും 'നിയമനം'. ഇത്തരം ഏജന്റായി നിയമിക്കപ്പെടാന്‍ വിശ്വാസ്യത മാത്രമാണ് കമ്പനി നോക്കുന്ന യോഗ്യത. ഔദ്യോഗികമായി അംഗീകാരമുള്ളതാണെന്ന് വരുത്തിതീര്‍ക്കാന്‍ ചില രേഖകള്‍ അയച്ചുകൊടുക്കാനും ചുരുക്കം കമ്പനികള്‍ സാമര്‍ത്ഥ്യം കാണിക്കാറുണ്ട്. ഇതെല്ലാം വ്യാജമാണെന്ന് അറിയുമ്പോഴേക്കും സമയം ഏറെ വൈകിയിരിക്കും.
പലതരത്തില്‍ തട്ടിപ്പും വെട്ടിപ്പും നടത്തിയ പണമാണ് വിദേശത്തു നിന്ന് ഏജന്റുമാരുടെ അക്കൌണ്ടിലേക്ക് കടത്തുക. സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ സ്വദേശത്തോ വിദേശത്തോ ഉള്ള വ്യക്തികളില്‍ നിന്നോ ബാങ്കിംഗ് സ്ഥാപനങ്ങളില്‍ നിന്നോ തട്ടിയെടുക്കുന്ന പണമാണ് നല്ലൊരുപങ്കും ഇതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. കബളിപ്പിക്കല്‍ വഴി നേടിയെടുത്ത ഈ തുകയാണ് മറ്റൊരാളുടെ അക്കൌണ്ടിലേക്ക് മാറ്റാന്‍ കമ്പനി ആവശ്യപ്പെടുക. ഇടതടവില്ലാതെ പണം കൈമാറ്റം നടത്തിയശേഷം ഒരു സുപ്രഭാതത്തില്‍ അവര്‍ പണം അയക്കാതെയാവും. പിന്നീട് ഒരിക്കലും ഇക്കൂട്ടരെ ബന്ധപ്പെടാനേ കഴിയില്ല. അപ്പോഴേക്കും അനധികൃത പണം കൈമാറ്റത്തിന് പിടികൂടാനായി ബാങ്ക് അധികൃതരും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളും വീട്ടുപടിക്കലെത്തിയിട്ടുണ്ടാവും. സൈബര്‍ ക്രിമിനലുകള്‍ക്കുപുറമെ തീവ്രവാദി പ്രസ്ഥാനങ്ങളടക്കം പണം കൈമാറാന്‍ ഇത്തരം സേവനം ഉപയോഗിക്കുന്നതായി വിവരമുണ്ട്. ഒരേ രാജ്യത്തുള്ളവരെ ഉപയോഗിച്ച് ഇത്തരത്തില്‍ തുക കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതിനാല്‍ ബാങ്കുകള്‍ക്കോ മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ തുടക്കത്തില്‍ ഒരു സംശയവും തോന്നാനിടയില്ല. വന്‍തുക ഒറ്റയടിക്ക് കൈമാറുമ്പോഴുള്ള റിസ്ക്ക് ഒഴിവാക്കാന്‍ ചെറിയ തുകകളായി പല തവണ ഇവര്‍ പണം അക്കൌണ്ടുകളിലൂടെ മാറ്റി മറിയ്ക്കുകയാണ് ചെയ്യുക. കേരളത്തില്‍ ഈ 'ജോലി' നേടി വരുമാനം നേടുന്നവരുടെ എണ്ണം കൂടിവരുന്നതായി സൂചനകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മുന്‍നിര ബാങ്കുകളെല്ലാം കേസ്സുകളുമായി മുന്നോട്ടുപോവുകയാണ്.
ഈ വര്‍ഷം ആദ്യത്തെ ആറുമാസത്തിനിടയില്‍ ബ്രിട്ടനില്‍ മാത്രം 873 മണി - മ്യൂള്‍ റിക്രൂട്ട്മെന്റുകള്‍ നടന്നതായി സൈബര്‍ സെക്യൂരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന മക്-ആഫീ യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം വളര്‍ച്ചയാണ് ഈയൊരു രാജ്യത്ത് മാത്രം ഉണ്ടായത്. 
തൊഴിലില്ലാതെ നടക്കുന്ന ചെറുപ്പക്കാരടക്കം പലരും ലാഭക്കൊതി മൂത്ത് ഇത്തരം 'ബിസിനസ്സി'ല്‍ കുരുങ്ങിപ്പോവുകയാണ്. സാമ്പത്തിക മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഇ-മെയിലുകളെ നിര്‍ദാക്ഷിണ്യം ഒഴിവാക്കുകയാണ് ഇതില്‍ കുടുങ്ങാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം. ഒരു തവണ ബന്ധപ്പെട്ടു നോക്കിയാല്‍ നിങ്ങളുടെ പിറകെകൂടി തട്ടിപ്പ് ശൃംഖലയിലേക്ക് ചേര്‍ക്കാനുള്ള അടവുകള്‍ നിരന്തരം ഈ ഗ്രൂപ്പുകള്‍ നടത്തിക്കൊണ്ടിരിക്കും.

2 comments:

cyberspace history said...

ഇതൊരു സാമ്പത്തിക കുറ്റകൃത്യത്തിന്റെ തുടക്കമാണെന്ന് അത്രപെട്ടെന്നൊന്നും തിരിച്ചറിയില്ല. ജയില്‍വാസത്തിലേക്ക് എത്തുമ്പോഴെ വിവരമറിയൂ.

Anonymous said...

യാരിദിന്റെ ബ്ലോഗിൽ ഇതു നേരത്തെ വായിച്ചിരുന്നു. അതു തന്നെയാണൊ ഇൻസ്പിരേഷൻ?