Sunday, December 7, 2008

പൊരിഞ്ഞ പോരാട്ടം ഇന്റര്‍നെറ്റിലും

മുംബയില്‍ പാക്ഭീകരരുമായി ഇന്ത്യന്‍ സേനാംഗങ്ങള്‍ ഏറ്റുമുട്ടിയ ദിവസങ്ങളില്‍ ഇന്റര്‍നെറ്റിലുമുണ്ടായി പൊരിഞ്ഞപോര്. ഏറ്റുമുട്ടിയത് പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ഹാക്കര്‍മാരുടെ സംഘങ്ങള്‍. ഇരുരാജ്യങ്ങളിലെയും പ്രധാനപ്പെട്ട വെബ്സൈറ്റുകളിലേക്ക് വളരെ തന്ത്രപരമായി നുഴഞ്ഞുകയറി ആക്രമിക്കുകയായിരുന്നു ഇരുരാജ്യങ്ങളിലെയും ഹാക്കര്‍മാര്‍. ഐ. എം.ജി. എന്ന പേരില്‍ സ്വയംപരിചയപ്പെടുത്തുന്ന ഇന്ത്യന്‍ നുഴഞ്ഞുകയറ്റക്കാരുടെ സംഘം പാക്കിസ്ഥാനിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് റഗുലേറ്ററി അതോറിറ്റിയുടെ വെബ്സൈറ്റ് ആക്രമിച്ചത് നേരത്തെ നവംബര്‍ 17നായിരുന്നു. പാക് ഗവണ്‍മെന്റിന്റെ അധീനതയിലുള്ള ഈ സൈറ്റില്‍ ഇന്ത്യന്‍ ദേശീയ ചിഹ്നവും സംഘത്തിന്റെ ലോഗോയും പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ സംഘം ആക്രമണം തുടങ്ങിവച്ചത്. ഇതിന് ബദലായി ഒ. എന്‍.ജി.സിയുടെ (ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കമ്മിഷന്‍) വെബ്സൈറ്റ് പാക്ക് ഹാക്കര്‍മാര്‍ നിയന്ത്രണത്തിലാക്കി. 
പാക്കിസ്ഥാനി സൈബര്‍ ആര്‍മി എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഗ്രൂപ്പാണ് ഇതിനു പിന്നിലെ ബുദ്ധികേന്ദ്രമെന്ന് അറിയുന്നു. ഒ. എന്‍.ജി.സി സൈറ്റിന് പിറകെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ്, സെന്റര്‍ ഫോര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ്, മദ്ധ്യപ്രദേശിലെ റെത്ലം കേന്ദ്രീയ വിദ്യാലയ എന്നിവയുടെ വെബ്സൈറ്റുകളും പാക് ഹാക്കര്‍മാരുടെ ആക്രമണത്തിനിരയായി. ഇവയില്‍ ആദ്യത്തെ രണ്ട് വെബ്സൈറ്റുകളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കാനായിട്ടില്ല. ആന്ധ്രപ്രദേശിലെ സി.ഐ.ഡി.യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് പൊലീസ് തിരയുന്ന 'മോസ്റ്റ് വാണ്ടഡ്' കുറ്റവാളികളുടെ ലിസ്റ്റ് നീക്കിയും പാക് ഹാക്കര്‍മാര്‍ അരിശം തീര്‍ത്തു. ഈ സൈറ്റ് ഇനിയും പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. സ്ഥാനം നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന ജി.പി.എസ്. ലൊക്കേറ്റര്‍, മരുഭൂമിയിലായാലും കൊടുങ്കാട്ടിലായാലും റേഞ്ച് പോവാത്ത സാറ്റലൈറ്റ് ഫോണ്‍ തുടങ്ങിയവയാണ് ഭീകരര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. സാങ്കേതികമായി മുന്നേറുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്ന് സൈനികകേന്ദ്രങ്ങള്‍ വിലയിരുത്തുന്നുണ്ട്. 
'ഗൂഗിള്‍ എര്‍ത്തി'ല്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് മുംബയിലെ താജ് ഹോട്ടല്‍ ആക്രമണത്തിനുള്ള രൂപരേഖ തയ്യാറാക്കിയതെന്ന് പിടിയിലായ ഭീകരന്‍ തന്നെ സമ്മതിച്ചിരുന്നു. ഇന്ത്യയിലെ മിലിറ്ററി കേന്ദ്രങ്ങളടക്കം തന്ത്രപ്രധാനമായ പല സ്ഥലങ്ങളുടെയും മാപ്പുകള്‍ ഗൂഗിള്‍ എര്‍ത്തില്‍ ലഭിക്കുന്നത് വിധ്വംസകപ്രവര്‍ത്തകര്‍ക്ക് പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കൂടുതല്‍ സൌകര്യമൊരുക്കുമെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇതിന് തടയിടാന്‍ ഗൂഗിള്‍ കമ്പനി തയ്യാറാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
പുതിയ സാഹചര്യത്തിലുള്ള ഭീഷണി നേരിടാന്‍ ബാംഗ്ളൂരിലെ ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ വമ്പന്‍ ഐ.ടി. കമ്പനികള്‍ സുരക്ഷയ്ക്കായി മാത്രം ഇരുപത്തയ്യായിരത്തിലേറെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായാണ് വിവരം.

3 comments:

cyberspace history said...

മുംബയില്‍ പാക്ഭീകരരുമായി ഇന്ത്യന്‍ സേനാംഗങ്ങള്‍ ഏറ്റുമുട്ടിയ ദിവസങ്ങളില്‍ ഇന്റര്‍നെറ്റിലുമുണ്ടായി പൊരിഞ്ഞപോര്. ഏറ്റുമുട്ടിയത് പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ഹാക്കര്‍മാരുടെ സംഘങ്ങള്‍

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

ഹാക്കറല്ല. ക്രാക്കര്‍..
ദയവായ തെറ്റായ വാക്കുപയോഗിക്കാതിരിക്കൂ.
ഹാക്കര്‍മാര്‍ കമ്പ്യൂട്ടര്‍ ലോകത്തില്‍ ക്രിയാത്മകമായി ഇടപെടുന്ന വിദഗ്ദന്‍മാരാണു്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരല്ല. അങ്ങനെയുള്ളവരെ ക്രാക്കര്‍ എന്ന പേരിലാണു് വിളിക്കേണ്ടതു്.

സുജനിക said...

നെറ്റ് സുരക്ഷിതമല്ലെന്നു ചെറു വൈറസുകള്‍ തൊട്ട് നമുക്കറിയില്ലേ?