ഒബാമയുടെ പേരിലും വൈറസ്!
അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമയുടെ പേരിലും ഇന്റര്‍നെറ്റിലൂടെ വൈറസുകള്‍ പടരുന്നു. വിനാശകാരിയായ ഈ വൈറസ് ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെ പലതും നമ്മുടെ കംപ്യൂട്ടറില്‍ നിന്ന് ചോര്ത്തികൊണ്ടുപോകുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ലോകവ്യാപകമായി കിട്ടുന്ന വാര്‍ത്താപ്രാധാന്യം മുതലെടുത്തുകൊണ്ട് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു കിടക്കുന്ന കംപ്യൂട്ടറുകളില്‍ നുഴഞ്ഞു കയറി വിവരങ്ങള്‍ മോഷ്ടിക്കാനാണ് ഇത്തരമൊരു വൈറസിന്റെ സൃഷ്ടിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. Obama win preferred in world poll എന്ന തലക്കെട്ടോടെ വരുന്ന മെയിലുകളില്‍ നിന്നാണ് വൈറസുകള്‍ പടരുന്നത്. പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കൊലപാതകദൃശ്യങ്ങള്‍ കാണാം എന്ന് രേഖപ്പെടുത്തി പ്രചരിച്ചിരുന്ന ഇ-മെയിലുകളിലും വൈറസുകള്‍ കടന്നുകൂടിയിരുന്നുവെന്ന് അന്ന് കണ്ടെത്തിയിരുന്നു. അതിന്റെ മറ്റൊരു പകര്‍പ്പാണ് ഒബാമയുടെ വിജയം ആഘോഷിച്ചുകൊണ്ടുള്ള ഇത്തരം ഇ-മെയിലുകള്‍ വഴിയും സംഭവിച്ചത്. അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യത്തെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക എന്ന ലിങ്കോടെയാണ് ഇന്‍ബോക്സില്‍ മെയില്‍ എത്തുക. ഉപയോക്താവ് അവിടെ ക്ളിക്ക് ചെയ്യുന്നതോടെ വീഡിയോ ഫയല്‍ എന്ന വ്യാജേന ചില പ്രോഗ്രാമുകള്‍ ഡൌണ്‍ലോഡ് ചെയ്യുകപ്പെടുകയായി. Mal/Bahav-027 എന്ന പേരിലുള്ള ട്രോജന്‍ വൈറസും ഇതോടൊപ്പം കംപ്യൂട്ടറിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടാവും. തുടര്‍ന്ന് കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന യൂസര്‍ നെയിമുകളും പാസ്വേഡും സ്ക്രീന്‍ഷോട്ടുകളുമടക്കം പലതും ട്രോജന്‍ വൈറസ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ രേഖപ്പെടുത്തും. ഈ വിവരങ്ങളെല്ലാം തന്നെ അപ്പോള്‍ തന്നെ വൈറസ് നിര്‍മ്മാതാക്കളുടെ പക്കലെത്തിച്ചേരുകയും ക്രമേണ അവയുടെ നിയന്ത്രണം പോലും ഈ ഹൈടെക് കള്ളന്മാര് ഏറ്റെടുക്കുകയും ചെയ്യുന്നു. ഉക്രെയിനിലെ ഒരു വെബ് സെര്വ്വറിലേക്കാണ് ഈ വിവരങ്ങള്‍ ചോര്‍ന്നുപോകുന്നത്. റൂട്ട്കിറ്റ് വിഭാഗത്തില്‍പ്പെടുന്ന ഈ വൈറസിനെ സാധാരണ ഉപയോഗത്തിലിരിക്കുന്ന ആന്റി വൈറസ് സോഫ്റ്റ്വെയറുകള്ക്കൊന്നും കണ്ടെത്താനും നശിപ്പിക്കാനുമാവുന്നില്ല. ഒബാമയുടെ വിശേഷങ്ങളുമായി വരുന്ന ഇ-മെയിലുകള്‍ വളരെ കരുതലോടു കൂടി മാത്രമേ തുറന്ന് നോക്കാന്‍ പാടുള്ളൂ. കഴിവതും പരിചയമില്ലാത്ത വിലാസങ്ങളില്‍ നിന്ന് വരുന്നവ മായ്ച്ചുകളയുന്നതാണ് ഉത്തമം. അതിനിടെ വൈറ്റ് ഹൌസിലെ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിലേക്ക് ചൈനീസ് ഹാക്കര്‍മാര്‍ പലവട്ടം കടന്നുപോയി വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ തമ്മില്‍ കൈമാറിയ ഇ-മെയിലുകളിലെ വിവരങ്ങള്‍ പലതും ഇവര്‍ ചോര്‍ത്തിയതായി അമേരിക്കന്‍ അധികൃതര്‍ കരുതുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണില്‍ നിന്നും നെറ്റ്വര്ക്കിലെ സുരക്ഷിതവലയം ഭേദിച്ച് ഹാക്കര്‍മാര്‍ പല വിവരങ്ങളും മോഷ്ടിച്ചിരുന്നു.
- ടി.വി.സിജു
(കേരളകൌമുദി, നവംബര്‍ 12, 2008)
3 comments:
അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യത്തെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക എന്ന ലിങ്കോടെയാണ് ഇന്‍ബോക്സില്‍ മെയില്‍ എത്തുക. ഉപയോക്താവ് അവിടെ ക്ളിക്ക് ചെയ്യുന്നതോടെ വീഡിയോ ഫയല്‍ എന്ന വ്യാജേന ചില പ്രോഗ്രാമുകള്‍ ഡൌണ്‍ലോഡ് ചെയ്യുകപ്പെടുകയായി.
ഈ വിവരങ്ങള്‍ അറിയിച്ചതിനു വളരെ നന്ദി. ഇനി ഈ മെയില്‍ വരുമ്പോള്‍ ശ്രദ്ധിക്കാമല്ലോ
വിവരങ്ങള്‍ക്ക് നന്ദി...
Post a Comment