വിവരസാങ്കേതികവിദ്യയും മലയാളവും
കണ്ണൂര്‍ തോട്ടടയിലെ തയ്യല്‍ക്കാരന്‍ വാസുവേട്ടന് വയസ്സുകാലത്ത് ഒരാഗ്രഹം; തനിക്കും കംപ്യൂട്ടര്‍ പഠിക്കണമെന്ന്. പക്ഷേ, മലയാളം മാത്രം അറിയുന്ന ഒരാള്‍ക്ക് എങ്ങനെ കംപ്യൂട്ടര്‍ പഠിക്കാനാകും ഇംഗ്ളീഷ് ഭാഷ വശമാക്കിയാലേ കംപ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ പറ്റൂ എന്നാണ് വാസുവേട്ടന്‍ ഇതുവരെ കേട്ടിട്ടുള്ളത്. ആരോടെങ്കിലും ചോദിക്കാമെന്നുവച്ചാല്‍ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുമ്പോഴാണ് ഒരു കംപ്യൂട്ടര്‍ പഠിത്തം, ഇയാള്‍ക്ക് വേറെ പണിയൊന്നും ഇല്ലേ? എന്നോമറ്റോ ആവും പറയുകയെന്ന് വാസുവേട്ടന് നല്ലപോലെ അറിയാം. അതുകൊണ്ട് ചെറുമക്കളോടുപോലും ഇക്കാര്യത്തെക്കുറിച്ച് മിണ്ടിയതേയില്ല. ജരാനരകള്‍ ബാധിച്ചെങ്കിലും വീട്ടിലെ തയ്യല്‍ മെഷീനില്‍ കാലുകള്‍ അമരുമ്പോള്‍ വാസുവേട്ടന്റെ മനസ്സില്‍ വീണ്ടും കംപ്യൂട്ടര്‍ സ്വപ്നം ഓടിയെത്തും.
തന്റെ മക്കളെയെല്ലാം വാസുവേട്ടന്‍ കംപ്യൂട്ടര്‍ പഠിക്കാന്‍ അയച്ചിട്ടുണ്ട്. അവരെല്ലാം ഇപ്പോള്‍ നല്ല നിലയിലുമാണ്. അവരുടെ മക്കളും ചെറുമക്കളും വരെ ഇപ്പോള്‍ കംപ്യൂട്ടര്‍ പഠിക്കുന്നുണ്ട്. വീട്ടിലും കംപ്യൂട്ടറുണ്ട്. എന്നിട്ടും വാസുവേട്ടന്‍ ആരോടും മനസ്സു തുറന്നില്ല. എല്ലാവരും ഇപ്പോള്‍ കംപ്യൂട്ടറിന്റെ പിറകെയാണ്. പിന്നെ എനിക്കും കംപ്യൂട്ടര്‍ പഠിച്ചാലെന്താ? ചിലപ്പോള്‍ വാസുവേട്ടന്റെ മനസ്സ് ഇങ്ങനെ വല്ലാതെ വാശിപിടിക്കും.
സര്‍ക്കാര്‍ നടപ്പിലാക്കിയ മലയാളം കംപ്യൂട്ടിംഗ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂള്‍ കുട്ടികള്‍ സര്‍വ്വെ എടുക്കാന്‍ വീട്ടില്‍ വന്നപ്പോഴാണ് ഇംഗ്ളീഷിന്റെ എബിസിഡി പോലും അറിയാത്ത വര്‍ക്കും കംപ്യൂട്ടര്‍ പഠിക്കാനാവുമെന്ന് വാസുവേട്ടന്‍ അറിയുന്നത് . മലയാളം മാത്രം അറിഞ്ഞാലും പുഷ്പം പോലെ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന്. അതുകേട്ടപ്പോള്‍ വാസുവേട്ടന്റെ സന്തോഷം ഒന്നുകാണേണ്ടതായിരുന്നു. കംപ്യൂട്ടറുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മനസ്സിലെ മറ്റുള്ള ചോദ്യങ്ങള്‍ക്കും സര്‍വ്വെക്കെത്തിയ കുട്ടികള്‍ ഉത്തരം നല്‍കി. പിന്നെ വാസുവേട്ടന്റെ ചിന്ത കംപ്യൂട്ടറിനെക്കുറിച്ചായി, മലയാളത്തെക്കുറിച്ചായി. മലയാളം ഉപയോഗിച്ച് കംപ്യൂട്ടര്‍ പഠിക്കുന്നതിനെപറ്റിയായി.
ഇന്ന് എന്തിനും ഏതിനും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഒരു ശീലമാണ്. അല്ലെങ്കില്‍ അതൊരു ആവശ്യവുമാണ്. കംപ്യൂട്ടറിനെക്കുറിച്ചറിയാത്തതു കൊണ്ടുമാത്രം ചിലപ്പോള്‍ ജീവിതത്തില്‍ പിന്തള്ളപ്പെടുന്ന ഒരവസ്ഥ പോലുമുണ്ട്. കംപ്യൂട്ടറുകളുമായുള്ള ചങ്ങാത്തം കുട്ടികള്‍ക്ക് ഇന്നൊരു ഹരമാണ്. എന്നാല്‍ ഈ മേഖലയില്‍ കുട്ടികള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് മിക്ക രക്ഷാകര്‍ത്താക്കള്‍ക്കും ഉത്തരം മുട്ടുന്ന അവസ്ഥയും. കംപ്യൂട്ടറിനെക്കുറിച്ച് അല്പമെങ്കിലും അറിഞ്ഞുവെക്കുകയാണ് പുത്തന്‍ തലമുറയുടെ ഇടയില്‍ 'കൊച്ചാ'കാതിരിക്കാനുള്ള മാര്‍ഗമെന്ന് മുതിര്‍ന്നവര്‍ പലരും കരുതുന്നുമുണ്ട്. തങ്ങളുടെ മടിയും കംപ്യൂട്ടറിനെക്കുറിച്ചുള്ള പേടിയുമാണ് ഇവരില്‍ പലര്‍ക്കും പഠനത്തിന് വിലങ്ങുതടിയാവുന്നത്.
ചങ്ങാതിയാവുന്ന കംപ്യൂട്ടര്‍
കണ്ണൂര്‍ ജില്ലയിലെ അക്ഷയ കേന്ദ്രത്തിലെ പഠിതാക്കളോട് ചോദിച്ചു നോക്കൂ. അവര്‍ പറയും കംപ്യൂട്ടര്‍ പഠനം പേടിക്കേണ്ട കാര്യമല്ലെന്ന്. അത് നമുക്കും സുന്ദരമായി പഠിക്കാമെന്ന്. പഠനം ഇപ്പോള്‍ മലയാളത്തിലായി. കംപ്യൂട്ടറിലും മലയാളം എളുപ്പത്തില്‍ ഉപയോഗിക്കാമെന്നായി. മലയാളം കംപ്യൂട്ടിംഗ് പദ്ധതി എന്ന സര്‍ക്കാര്‍ പരിപാടിയും നിലവില്‍ വന്നുകഴിഞ്ഞു.
അക്ഷയ എന്ന പേരില്‍ മലപ്പുറത്ത് തുടക്കമിട്ട കംപ്യൂട്ടര്‍ സാക്ഷരതാ പരിപാടിക്ക് ലഭിച്ച ആവേശകരമായ പ്രതികരണമാണ് മലയാളം കംപ്യൂട്ടിംഗ് നടപ്പിലാക്കാന്‍ സംസ്ഥാന ഭരണകൂടത്തെ പ്രേരിപ്പിച്ചത്. ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും കംപ്യൂട്ടറിനെക്കുറിച്ച് അറിവ് പകരുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ അക്ഷയ പദ്ധതി വന്‍ വിജയമായിരുന്നു. സ്വന്തംഭാഷയായ മലയാളത്തിലൂടെ കംപ്യൂട്ടറുമായുള്ള ചങ്ങാത്തം കൂട്ടുകയാണ് അതിനു പിന്നാലെ നടപ്പിലാക്കുന്ന മലയാളം കംപ്യൂട്ടിംഗ് പദ്ധതിയിലൂടെ.
വിദേശത്തുള്ള ബന്ധുക്കളുമായി 'സൊറ' പറയാനും (ചാറ്റിംഗ്) അവര്‍ക്ക് കത്തയക്കാനും (ഇ-മെയില്‍) ഇന്‍റര്‍നെറ്റിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ ഇന്ന് ചെറുപ്പക്കാരെക്കാളേറെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പ്രായമുള്ളവരാണ്. കംപ്യൂട്ടര്‍ പഠിക്കാന്‍ ഏറ്റവും ഉത്സാഹം കാണിക്കുന്നതും അവര്‍ തന്നെയെന്ന് കണ്ണൂര്‍ ജില്ലയിലെ അക്ഷയ കേന്ദ്രത്തിലെ ഇന്‍സ്ട്രക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.
'വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് മകന്‍ കൊണ്ടുവന്ന റിമോട്ട് കണ്‍ട്രോള്‍ സഹിതമുള്ള ടെലിവിഷനും സി.ഡി. പ്ളെയറും പ്രവര്‍ത്തിപ്പിക്കാന്‍ പേടിയായിരുന്നു. എന്നാല്‍ പിന്നീട് അതിനെപറ്റി കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ ആ പേടിയൊക്കെ മാറി. അതുപോലെ കംപ്യൂട്ടറിനെക്കുറിച്ചും എനിക്ക് ഭയമുണ്ടായിരുന്നു. അതും ഇപ്പോള്‍ വളരെയെളുപ്പം പഠിച്ചു കഴിഞ്ഞു. യൂണികോഡ് സംവിധാനം നടപ്പായത് പഠനത്തെ വളരെയേറെ സഹായിച്ചിട്ടുണ്ട്. മനസ്സില്‍ വരുന്ന കഥയും കവിതയുമൊക്കെ ഇപ്പോള്‍ നേരെ കംപ്യൂട്ടറിലേക്ക് പകര്‍ത്താം. വര്‍ദ്ധിച്ച ആവേശത്തോടെയുള്ള ഈ അഭിപ്രായം അക്ഷയ കേന്ദ്രത്തിലെ മറ്റൊരു പഠിതാവിന്റേതാണ്.
എന്റെ ഭാഷ, എന്റെ കംപ്യൂട്ടറിന്റേയും
'എന്റെ ഭാഷ, എന്റെ കംപ്യൂട്ടറിന്റെയും' എന്നാണ് പുതിയ രീതി. അതനുസരിച്ച് മലയാളവും കംപ്യൂട്ടറിന്റെ സ്വന്തം ഭാഷയാവുകയാണ്. മലയാള ഭാഷയെ ശക്തിപ്പെടുത്താനും ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ വിവര സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ എല്ലാ മലയാളികളിലും എത്തിക്കാനും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത മലയാളം കംപ്യൂട്ടിംഗ് പദ്ധതിക്കും തുടക്കമായി. മലയാളികളുടെ കംപ്യൂട്ടര്‍ അഭിരുചികളെയും പരിചയങ്ങളെയും മാറ്റിമറിക്കാന്‍ പോന്നതാണ് ഈ പദ്ധതി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത് സംസ്ഥാന ഐ.ടി. മിഷനാണ്. വിവര വിനിമയ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനും മാതൃഭാഷയെ അതിനുള്ള ആയുധമാക്കാനും മലയാളം കംപ്യൂട്ടിംഗ് പദ്ധതി ലക്ഷ്യമിടുന്നു.
വിവര സാങ്കേതികവിദ്യയുടെ മേഖലയിലുണ്ടായ പുരോഗതി ആശയവിനിമയരംഗത്ത് വരുത്തിയ മാറ്റം വലുതായിരുന്നു. ഈ വികസനം പ്രാദേശിക ഭാഷകള്‍ക്കാണ് വലിയ വെല്ലുവിളി ഉയര്‍ത്തിയത്. ഇ-മെയില്‍, ബ്ളോഗ്, ചാറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ആശയവിനിമയത്തിനായി കൂടുതല്‍ ഇന്ന് ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് പലര്‍ക്കും തടസ്സം ഭാഷയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് മലയാളം കംപ്യൂട്ടിംഗ് പോലെയുള്ള പദ്ധതികള്‍ ഉപകരിക്കും. ഇതോടൊപ്പം മലയാള ഭാഷയില്‍ നിലവിലുള്ളതും പുതുതായി നിര്‍മ്മാണത്തിലിരിക്കുന്നതുമായ വിവിധ സോഫ്റ്റ്വെയറുകളും വെബ്സൈറ്റുകളും പ്രയോജനപ്പെടുത്തുകയുമാവാം.
മാതൃഭാഷയിലുള്ള കംപ്യൂട്ടര്‍ ഉപയോഗത്തിലൂടെ മാത്രമേ കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ജനസമൂഹത്തിലെത്തുകയുള്ളൂ. ഇതിനായി ഭാഷാ സോഫ്റ്റ്വെയറുകളും ഫോണ്ടുകളും വേണം. ഈ ജോലി പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന വിവിധ സംഘങ്ങള്‍ ഇവിടെയുണ്ട്. സംസ്ഥാന ഐ.ടി. മിഷന്‍, അക്ഷയ, ഫ്രീ സോഫ്റ്റ്വെയര് എന്ന ആശയം മുറുകെ പിടിക്കുന്ന 'സ്പേസ്', സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ് തുടങ്ങിയ ഗ്രൂപ്പുകളും ഇതിനു പിന്നില്‍ കരുത്തുപകരുന്ന ശക്തികളാണ്.
യൂണികോഡ് സമ്പ്രദായമാണ് മലയാളഭാഷയെ കംപ്യൂട്ടറിന്റെ സ്വന്തം ഭാഷയാക്കാന്‍ സഹായിച്ചത്. മലയാളം മാത്രമല്ല അതത് ഇടങ്ങളിലെ പ്രാദേശിക ഭാഷകള്‍ കംപ്യൂട്ടറില്‍ പ്രയോഗത്തില്‍ വരുത്താന്‍ യൂണികോഡിന്റെ സഹായത്തോടെ സാധിക്കും.
കേരള സംസ്ഥാന ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന 'മലയാളം കംപ്യൂട്ടിംഗി'ന്റെ സംസ്ഥാനതല ഉദ്ഘാടനം 2008 ജൂണ്‍ 8ന് മുഖ്യമന്ത്രി ശ്രീ. വി. എസ്. അച്യുതാനന്ദനാണ് നിര്‍വ്വഹിച്ചത്. ആഗോള സമൂഹവുമായി മലയാളികള്‍ക്ക് കൈകോര്‍ക്കാനുള്ള ഒരു സാഹചര്യമാണ് മലയാളം കംപ്യൂട്ടിംഗ് പ്രാവര്‍ത്തികമാക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. കുത്തക സോഫ്റ്റ്വെയറുകളെ കൈവെടിഞ്ഞ് സ്വതന്ത്ര സോഫ്റ്റ്വെയറുകളെയും മലയാളം കംപ്യൂട്ടിംഗ് പോലുള്ള നവീന പദ്ധതികളെയും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹകരണവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.
കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിന് മുമ്പാകെ രാവിലെ ഒന്‍പത് മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, ആരോഗ്യവകുപ്പ് മന്ത്രി പി.കെ. ശ്രീമതി, പാര്‍ലമെന്റംഗം എ.പി. അബ്ദുള്ളക്കുട്ടി, കെ. സുധാകരന്‍ എം. എല്‍. എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ തുടങ്ങിയവരൊക്കെ ഈ ചടങ്ങിന് സാക്ഷ്യംവഹിച്ചു.
മാതൃഭാഷയുടെ അതിരുകളില്ലാത്ത ലോകത്തേക്കുള്ള ചുവടുവയ്പാണ് ഈ പദ്ധതിയെന്ന് കണ്ണൂര്‍ എം. എല്‍. എ. ശ്രീ. കെ. സുധാകരന്‍ പറഞ്ഞു. ഐ.ടി രംഗത്ത് ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് മലയാളം കംപ്യൂട്ടിംഗ് പോലുള്ള പദ്ധതികള്‍ പുതുശക്തിപകരുമെന്ന അഭിപ്രായം കൈയടിയോടെയാണ് നിറഞ്ഞ സദസ്സ് സ്വീകരിച്ചത്.
സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും പൊതുമേഖലാസ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും കത്തുകളും വിവരങ്ങള്‍ തയ്യാറാക്കുന്നതിനും വെബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നതിനും യൂണികോഡുകള്‍ ഉപയോഗിക്കണമെന്ന വിജ്ഞാപനവും നിലവില്‍ന്നുകഴിഞ്ഞു. ആവേശകരമായ തുടക്കം
ഈ പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ പരിശീലനം, വിദ്യാഭ്യാസ സ്ഥാപനങ്ങളും അക്ഷയ കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്ന 6000 സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ഐ.ടി അറ്റ് സ്കൂള്‍, സാമൂഹിക സംഘടനകള്‍ എന്നിവയിലൂടെയും നല്‍കും. രണ്ടാംഘട്ടത്തില്‍ പലവിധ മത്സരങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മലയാളം കംപ്യൂട്ടിംഗ് ഉപയോഗപ്രദമാക്കാനുള്ള പ്രോത്സാഹനം നല്‍കാനായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരങ്ങള്‍ സംഘടിപ്പിക്കും. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുംവിധം പദ്ധതി വിപുലപ്പെടുത്തുകയാണ് മൂന്നാംഘട്ടത്തിലൂടെ.
കണ്ണൂര്‍ ജില്ലയില്‍ തുടക്കം കുറിച്ചിരിക്കുന്ന ഈ സംസ്ഥാനതല പദ്ധതി താമസിയാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരത്തെ 'സ്പേസ്' എന്ന സംഘടനയാണ് ഈ പദ്ധതിക്കാവശ്യമായ സാങ്കേതികസഹായം നല്‍കുന്നത്. ഐ.ടി. വകുപ്പിനെ കൂടാതെ തദ്ദേശസ്വയംഭരണവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സാംസ്കാരികവകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് എന്നീ വകുപ്പുകള്‍ ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
പദ്ധതിയുടെ ലോഗോയും ബ്രോഷറും 2008 ഫെബ്രുവരി 21ന് തിരുവനന്തപുരത്ത് കേസരി ഹാളില്‍ നടന്ന ചടങ്ങില്‍ കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ നിര്‍വ്വഹിച്ചു. മലയാളം കംപ്യൂട്ടിംഗിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടനത്തിന് മുമ്പ് കണ്ണൂര്‍ ജില്ലയില്‍ റോഡ് ഷോ സംഘടിപ്പിച്ചു. പദ്ധതിയുടെ ലക്ഷ്യങ്ങള്‍ വിവരിച്ചുകൊണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഈ വാഹനങ്ങള്‍ മൂന്ന് ദിവസങ്ങളിലായി ചുറ്റിക്കറങ്ങി. ജനങ്ങളില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ റോഡ് ഷോ സഹായകമായി.
കണ്ണൂര്‍ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേഴ്സണ്‍മാരും കീ റിസോഴ്സ് പേഴ്സണ്‍മാരും അക്ഷയസംരംഭകരും അക്ഷയ സ്റ്റാഫും മലയാളം കംപ്യൂട്ടിംഗ് പദ്ധതിയോടനുബന്ധിച്ച് നടന്ന വിവിധ പരിശീലനക്കളരിയില്‍ സംബന്ധിച്ചു. പദ്ധതിയെക്കുറിച്ചും അതിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും തിരുവനന്തപുരത്തെ 'സ്പേസി'ന്റെ കോ-ഓര്‍ഡിനേറ്റര്‍ എം. അരുണ്‍, സോഫ്റ്റ്വെയര് എന്‍ജിനീയമാരായ വിമല്‍ ജോസഫ്, എം. ഹരീഷ് എന്നിവര്‍ ക്ളാസ്സുകള്‍ നല്‍കി. പരിപാടിയില്‍ പങ്കെടുത്ത മാഹി ഗവ. കോളേജ് മലയാളം അദ്ധ്യാപകന്‍ ഡോ. മഹേഷ് മംഗലാട്ട് കംപ്യൂട്ടിംഗില്‍ മലയാളം ഉപയോഗിക്കുന്നതിന്റെ സാധ്യതകളെപ്പറ്റിയും മറ്റും സംസാരിച്ചു.
ഉദ്ഘാടനത്തിന് ശേഷം ഇക്കാലയളവിനുള്ളില്‍ കണ്ണൂരില്‍ ഒമ്പത് ബ്ളോക്ക്, ആറ് മുനിസിപ്പാലിറ്റി, 14 പഞ്ചായത്ത് എന്നിവിടങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി മലയാളം കംപ്യൂട്ടിംഗുമായി ബന്ധപ്പെട്ട് പ്രത്യേകം ക്ളാസ്സുകള്‍ നല്‍കി.
എടക്കാട് ബ്ളോക്ക് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് തോട്ടട വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വ്വെ ഏറെ ശ്രദ്ധപിടിച്ചുപറ്റി. 16, 20 വാര്‍ഡുകളില്‍ 710 വീടുകളിലായി നടത്തിയ സര്‍വ്വെയില്‍ 31 ശതമാനം വീടുകളിലും കംപ്യൂട്ടറുകള്‍ ഉണ്ടെന്ന കാര്യം ബോധ്യമായി. കംപ്യൂട്ടര്‍ ഉള്ള 40 ശതമാനം വീടുകളില്‍ ഇന്റര്‍നെറ്റ് കണക്ഷനുമുണ്ട്. നാല് ശതമാനം വീടുകളില്‍ മാത്രമാണ് ആദ്യം മുതല്‍ക്കേ മലയാളം കംപ്യൂട്ടിംഗിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിരുന്നത്. സര്‍വ്വെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ കംപ്യൂട്ടറുള്ള 27 ശതമാനം വീടുകളില്‍ കൂടി മലയാളം കംപ്യൂട്ടിംഗിനുള്ള സൌകര്യം കുട്ടികള്‍ ഏര്‍പ്പെടുത്തിക്കൊടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ക്കുള്ള സംശയദൂരീകരണവും കുട്ടികള്‍ തന്നെ നിര്‍വ്വഹിച്ചു. കൂടുതല്‍ പേര്‍ ഇതിന്റെ സാധ്യതകളെപ്പറ്റി ആരായുന്നുണ്ട്. മൂന്ന് ഗ്രൂപ്പുകളിലായി 27 കുട്ടികളാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. സ്കൂളിനടുത്തുള്ള ഈ രണ്ട് വാര്‍ഡുകളിലെയും പ്രവര്‍ത്തനം വിജയിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ മറ്റ് വാര്‍ഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് വാര്‍ഡ്, സ്കൂള്‍തല കമ്മിറ്റികളുടെ തീരുമാനം.
ജില്ലയിലെ ഹാര്ഡ്വെയര് വിതരണക്കാരുമായി ജില്ലാ അധികൃതരും അക്ഷയ സെന്റര്‍ ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയില്‍ മലയാളം കംപ്യൂട്ടിംഗിനെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ ഐ.ടി. ഡീലേഴ്സ് അസോസിയേഷന്റെ ഭാഗത്തുനിന്നുള്ള സഹകരണ വാഗ്ദാനം ലഭിക്കുകയും ചെയ്തു. പുതുതായി വാങ്ങുന്നവയ്ക്ക് മലയാളം യൂണികോഡ് എനേബിള്‍ഡ് കംപ്യൂട്ടറുകള്‍ എന്ന സ്റ്റിക്കര്‍ ഒട്ടിച്ചുകൊടുക്കാനും ധാരണയായിട്ടുണ്ട്.
മുല്ലപ്പൂക്കളാല്‍ സ്വാഗതമോതുന്നൂ...
അക്ഷരം ഒരു തിരിനാളമാണ്
അക്ഷരഖനിയുടെ ആഴങ്ങളിലൂടെ ഊളിയിടാന്‍
ഉലയൂതി ഉലയൂതി
ഒരു കിരണം ദര്‍ശിക്കാന്‍
ഇളംതുമ്പ് മനസ്സുമായെത്തുന്ന
ഇളംപൂവുടലുകളെ
നിറയെ നിങ്ങളുടെ മനസ്സുകളില്‍
വിദ്യയുടെ കുഞ്ഞോളങ്ങള്‍ സൃഷ്ടിക്കാന്‍
ഊഷ്മളസ്നേഹത്തിന്റെ തൂവെള്ള നിറമാര്‍ന്ന
മുല്ലപ്പൂക്കളാല്‍ സ്വാഗതമോതുന്നൂ........
- ഡി. റഷീദ് എം. എം. ഇ.ടി. എച്ച്. എസ്. മേല്‍മുറി
(ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു കവിതയില്‍ നിന്ന്)
മുല്ലപ്പൂക്കളാല്‍ സ്വാഗതമോതാന്‍ റഷീദിന് തുണയായത് മലയാളം കംപ്യൂട്ടിംഗ് പദ്ധതിയാണ്. യൂണികോഡ് സംവിധാനത്തിലൂടെ കംപ്യൂട്ടറില്‍ മലയാളം അക്ഷരങ്ങള്‍ കുത്തിക്കുറിച്ച് (ടൈപ്പ് ചെയ്ത്) ഒരു കവിതയുണ്ടാക്കിയപ്പോള്‍ റഷീദ് മാത്രമല്ല സന്തോഷിച്ചത്. മലയാളം മനസ്സേറ്റി നടക്കുന്ന കംപ്യൂട്ടര്‍ നിരക്ഷരരായ ഒരു സമൂഹമാണ്. ഒരു പക്ഷേ, നിങ്ങളുടെ മനസ്സിലും ഇതുപോലെ തുളളിത്തുളുമ്പുന്ന കവിതാശകലങ്ങള്‍ കണ്ടേക്കാം. അത് മറ്റുള്ളവര്‍ക്ക് മുന്നിലെത്തിക്കേണ്ടേ? അതിനായി മലയാള ഭാഷയെ അതിന്റെ തനിമയും സൌന്ദര്യവും ചോരാതെ ഡിജിറ്റല്‍ ഭാവിയിലേക്ക് നയിക്കാന്‍ വേണ്ടി വിവിധ പദ്ധതികള്‍ വഴി വികസിപ്പിച്ച സോഫ്റ്റ്വെയറുകള് പരിചയപ്പെടുന്നതിനും മനസ്സിലാക്കി മുന്നേറുന്നതിനും ഇനി ഇത്തിരി സമയമെങ്കിലും നീക്കിവെക്കാം.
റ്റി.വി. സിജു
(Janapatham monly, Kerala Govt.)
Malayalam Computing Special issue
1 comment:
കണ്ണൂര്‍ ജില്ലയിലെ അക്ഷയ കേന്ദ്രത്തിലെ പഠിതാക്കളോട് ചോദിച്ചു നോക്കൂ. അവര്‍ പറയും കംപ്യൂട്ടര്‍ പഠനം പേടിക്കേണ്ട കാര്യമല്ലെന്ന്. അത് നമുക്കും സുന്ദരമായി പഠിക്കാമെന്ന്. പഠനം ഇപ്പോള്‍ മലയാളത്തിലായി. കംപ്യൂട്ടറിലും മലയാളം എളുപ്പത്തില്‍ ഉപയോഗിക്കാമെന്നായി. മലയാളം കംപ്യൂട്ടിംഗ് പദ്ധതി എന്ന സര്‍ക്കാര്‍ പരിപാടിയും നിലവില്‍ വന്നുകഴിഞ്ഞു.
Post a Comment