Wednesday, August 27, 2008


ഇനി 'നോമോഫോബിയ'യും 'റിംഗ്സൈറ്റി'യും
കണ്ണൂര്‍: സെല്‍ഫോണ്‍ ശ്വാസം മുട്ടലിന് ഇടയാക്കുന്നുണ്ടോ? നേരിട്ട് ഇത്തരമൊരു അസുഖം വരുത്തിവയ്ക്കുന്നില്ലായിരിക്കാം. എന്നാല്‍ ശരിക്കും ശ്വാസംകിട്ടാത്തതുപോലുള്ള അസ്വാസ്ഥ്യം അമിതമായി സെല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വന്നുപെടുന്നുണ്ടെന്ന് വിദേശ ഏജന്‍സികളുടെ പഠനങ്ങള്‍ തെളിയിക്കുന്നു. മൊബൈല്‍ ബന്ധം നഷ്ടപ്പെടുമ്പോഴുള്ള ആധിയും ഭീതിയുമായി 'നോമോഫോബിയ' പിടിപെടുകയാണ് ഇക്കൂട്ടര്‍ക്ക്.
ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്ന് മൊബൈല്‍ ഇപ്പോള്‍ ഓഫായിപ്പോവുമെന്നോ അതല്ലെങ്കില്‍ റേഞ്ച് ഏത് നിമിഷവും നഷ്ടപ്പെട്ട് ബന്ധം വിച്ഛേദിക്കപ്പെടുമെന്നോ ഉള്ള ആധിതന്നെയാണ് നോമോഫോബിയ (Nomobile Phobia)യുടെ അടിസ്ഥാന ലക്ഷണം. പിന്നെ ശ്വാസം കിട്ടാത്തതുപോലെയുള്ള അവസ്ഥയാണ്. യാത്രയ്ക്കിടയിലാണെങ്കില്‍ പ്രത്യേകിച്ചും. ചാര്‍ജ്ജ് ചെയ്യാനായി ഏതെങ്കിലും സോക്കറ്റില്‍ മൊബൈല്‍ കുത്തുന്നതുവരെ ഈ വെപ്രാളമുണ്ടാവുമെന്ന് ബ്രിട്ടനിലെ 'യൂഗോവ്' ഗവേഷണ ഏജന്‍സി സര്‍വ്വെ ഫലങ്ങള്‍ വച്ച് ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനില്‍ സെല്‍ഫോണ്‍ ഉപയോക്താക്കളായ സ്ത്രീകളില്‍ 48 ശതമാനം വരെയും പുരുഷന്‍മാരില്‍ 53 ശതമാനം വരെയും ഈ അസ്വാസ്ഥ്യം അനുഭവിക്കുന്നവരാണെന്ന് പഠനങ്ങളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്.
അക്കൌണ്ട് ബാലന്‍സ് കുറഞ്ഞു തുടങ്ങിയാലും ഒരു പരിധിവരെ ഈ രോഗബാധ ഉണ്ടായേക്കാം. നോമോഫോബിയ ഒട്ടെല്ലാ രാജ്യങ്ങളിലും പടര്‍ന്നുകഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഇടയ്ക്കിടെ മൊബൈല്‍ ഫോണ്‍ എടുത്തു പരിശോധിക്കുന്നവരുമുണ്ട്. ആരെങ്കിലും വിളിച്ചോ, മെസേജുകളോ മറ്റോ വന്നോ എന്നറിയാനാണ് നിരന്തരമുള്ള ഈ തൊട്ടുനോക്കല്‍. ഇത് 'റിംഗ്സൈറ്റി' (Ringtone + Anxiety = Ringxiety) എന്ന മറ്റൊരു രോഗത്തിന്റെ തുടക്കം.
ഫോണ്‍ ഇടയ്ക്കിടെ റിംഗ് ചെയ്യുന്നതായോ വൈബ്രേറ്റ് ചെയ്യുന്നതായോ അനുഭവപ്പെടുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണമെന്ന് കാലിഫോര്‍ണിയ സ്കൂള്‍ ഓഫ് പ്രൊഫഷണല്‍ സൈക്കോളജിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഡേവിഡ് ലറാമി പഠന നിരീക്ഷണങ്ങള്‍ വച്ച് പറയുന്നു. ഇതൊരു തോന്നല്‍ അസുഖം മാത്രമാണ്. മൊബൈലുകള്‍ ഇടയ്ക്കിടെ പരതുക, പരിശോധിക്കുക തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളായുണ്ട്. മൊബൈല്‍ഫോണ്‍ ഏറെ ഉപയോഗിക്കുന്നവരിലാണ് ഇത് കൂടുതലായും അനുഭവപ്പെടുന്നത്.

2 comments:

cyberspace history said...

ശരിക്കും ശ്വാസംകിട്ടാത്തതുപോലുള്ള അസ്വാസ്ഥ്യം അമിതമായി സെല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വന്നുപെടുന്നുണ്ടെന്ന് വിദേശ ഏജന്‍സികളുടെ പഠനങ്ങള്‍ തെളിയിക്കുന്നു. മൊബൈല്‍ ബന്ധം നഷ്ടപ്പെടുമ്പോഴുള്ള ആധിയും ഭീതിയുമായി 'നോമോഫോബിയ' പിടിപെടുകയാണ് ഇക്കൂട്ടര്‍ക്ക്.

പ്രിയ said...

ആ റിംഗ്സൈറ്റി എനിക്ക് ഇപ്പൊ തന്നെ ഉണ്ട്. ഇനി " അതൊരു രോഗമാണോ ഡോക്ടര്‍ " എന്ന് ചോദിച്ചു തുടങ്ങണം അല്ലെ? :(