തുമ്മിയാല്‍ തെറിക്കുന്ന മൂക്കും
സ്വാദ് പ്രവചിക്കുന്ന നാക്കും
ദുര്‍ഗന്ധപൂരിത പ്രദേശങ്ങളില്‍ മൂക്ക് 'ഓഫ്' ചെയ്ത് നടക്കാനും അതുപോലെ ഭക്ഷണം വായിലിടാതെ രുചി അറിയാനും പറ്റുന്ന കാലം വരികയാണ് ! നീണ്ടുരുണ്ട്, പരന്ന്, മെലിഞ്ഞ ഒറിജിനല്‍ മൂക്കല്ല 'ഓഫാ'ക്കുന്നത് - പകരംവയ്ക്കാവുന്ന ഇലക്ട്രോണിക് മൂക്കുകളാണ്. കാര്യങ്ങള്‍ 'മണത്തറിയാന്‍' നിങ്ങള്‍ക്കുള്ള കഴിവ് ചിലപ്പോള്‍ സ്വരക്ഷയ്ക്ക് ഉപകാരപ്പെട്ടിട്ടുണ്ടാവാം. എന്നാല്‍ ഇനി നിങ്ങളെ മണപ്പിക്കുന്നത് യന്ത്രങ്ങളാണ്. ഇത് വെറും തമാശയല്ല. സംഗതി കാര്യം തന്നെ. അസുഖങ്ങള്‍ മണത്തറിനായി യന്ത്രങ്ങളും പുറപ്പെട്ടു കഴിഞ്ഞു. അവയവ മാറ്റം ഇന്ന് സാധാരണമായിക്കഴിഞ്ഞു. ഹൃദയവും വൃക്കയും കരളും എന്തിന് ഗര്‍ഭപാത്രം പോലും ഇന്ന് മാറ്റിവയ്ക്കാവുന്ന അവസ്ഥയിലേക്ക് ശാസ്ത്രരംഗം മുന്നേറിയിട്ടുണ്ട്. എന്നാല്‍ ഓരോരുത്തരുടെയും ശരീരം തിരസ്ക്കരിക്കാത്തതരത്തിലുള്ള അവയവങ്ങള്‍ കിട്ടാനുള്ള ബുദ്ധിമുട്ടാണ് ഇപ്പോഴത്തെ പ്രശ്നം. അതിനിടയിലാണ് കൃത്രിമ അവയവങ്ങള്‍ എന്ന സാധ്യതയിലേക്ക് ശാസ്ത്രസമൂഹമെത്തുന്നത്. നമ്മുടെ മൂക്കിന്റെ സ്വഭാവ സവിശേഷതകളെ അനുകരിച്ച് പ്രവര്‍ത്തിക്കുന്നവയാണ് ഇലക്ട്രോണിക് മൂക്കുകള്‍ (ഇ-മൂക്ക്). പ്രത്യേക അറയില്‍ സ്ഥാപിച്ചിട്ടുള്ള നിരവധി സെന്‍സറുകള്‍ അടങ്ങിയ സംവിധാനമാണ് ഇലക്ട്രോണിക് മൂക്കും നാക്കും. കെമിക്കല്‍ സെന്‍സറുകളില്‍ തട്ടുന്ന ബാഷ്പങ്ങളുടെ തോതനുസരിച്ച് വ്യത്യാസപ്പെടുന്ന പ്രതിരോധ സ്വഭാവമുള്ള വസ്തുക്കളാണ് മൂക്ക് നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന ഇലക്ട്രോണിക് മൂക്കുകള്‍ അരങ്ങുവാഴുന്ന കാലം വിദൂരമല്ല. സിലിക്കണ്‍ ചിപ്പില്‍ പ്രത്യേക രീതിയില്‍ ഒതുക്കിയ സെന്‍സറുകളാണ് ഇലക്ട്രോണിക് നാവില്‍ രുചികള്‍ നിര്‍ണ്ണിയിക്കുന്നത്. നമ്മുടെ നാവിലുള്ള രസമുകുളങ്ങള്‍ക്ക് സമാനമാണ് ഈ സെന്‍സറുകള്‍. ടേസ്റ്റ് അറിയേണ്ട വസ്തു സെന്‍സറിന് മുകളില്‍ വീഴുന്നതോടെ സെന്‍സറിന്റെ നിറം മാറുന്നു. അപ്പോള്‍തന്നെ കളറിലുള്ള ഈ വ്യത്യാസം ക്യാമറ ഒപ്പിയെടുക്കുകയും ഈ യൂണിറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന കംപ്യൂട്ടര്‍ അതിന്റെ ഡാറ്റാബേസുമായി ഒത്തുനോക്കി രുചി പ്രവചിക്കുകയുമാണ് ചെയ്യുന്നത്. ഉദാഹരണത്തിന് മഞ്ഞ കളര്‍ പുളി രുചിയെ പ്രതിനിധീകരിക്കുന്നു. ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ സംഘം നിര്‍മ്മിച്ചെടുത്തതാണ് ഈ ഉപകരണം. വിവിധ രാജ്യങ്ങളില്‍ ഇലക്ട്രോണിക് മൂക്കുകളുടെയും നാവിന്റെയും ഗവേഷണം നടക്കുന്നുണ്ട്. ഇവ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് ഭക്ഷ്യ മേഖലയിലാണ്. മായം ചേര്‍ത്തത് കണ്ടുപിടിക്കുയും കേടുവന്ന ഭക്ഷണ പദാര്‍ത്ഥങ്ങളെ തിരിച്ചറിയാനും ഉല്‍പ്പന്നത്തിന്റെ ഗുണമേന്‍മാ നിയന്ത്രണത്തിനും മാത്രമല്ല മദ്യങ്ങളുടെ തരംതിരിവിനും ഇവയെ ഉപയോഗപ്പെടുത്താനാവുമെന്നാണ് കരുതുന്നത്. വ്യവസായശാലകളില്‍ നിന്നും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങളില്‍ പ്രകൃതിക്ക് കോട്ടമുണ്ടാക്കുന്ന ആണവ-രാസ പദാര്‍ത്ഥങ്ങളെ തിരിച്ചറിഞ്ഞ് പെട്ടെന്ന് തന്നെ അവ നിര്‍മ്മാര്‍ജ്ജനം ചെയ്യാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി ഇ-മൂക്ക് ഉപയോഗിക്കാം. കൂടാതെ അമോണിയ, എല്‍.പി.ജി. ചോര്‍ച്ച എന്നിവ പെട്ടെന്ന് തിരിച്ചറിയാം. ടെലി മെഡിസിന്‍ വ്യാപകമാവുന്നതോടെ ഓപ്പറേഷന്‍ തിയേറ്ററിലെ പ്രധാന ഉപകരണമാവുന്ന ഇ-മൂക്ക് മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നതിലും ബഹുസമാര്‍ത്ഥനാണ്. മോസസ് II, സൈറനോസ് 320 എന്നിവ ഇലക്ട്രോണിക് മൂക്കുകള്‍ക്ക് ഉദാഹരണളാണ്. ടെക്നോളജിയുടെ വളര്‍ച്ച ഇവയുടെ വലിപ്പം കുറച്ച് നമ്മുടെ ശരീരത്തിനുള്ളില്‍ തന്നെ ഒളിപ്പിച്ചേക്കാം. കൊണ്ടുനടക്കാന്‍ പറ്റുന്ന വിധത്തിലുള്ള യന്ത്രവും അതിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ്. ഒറിജിനല്‍ മൂക്കിന്റെ സ്ഥാനത്ത് ഇലക്ട്രോണിക് മൂക്ക് ഇതുവരെ സ്ഥാപിക്കാനായില്ലെങ്കിലും നാസികാ പ്രശ്നമുള്ളവര്‍ക്ക് സമീപ ഭാവിയില്‍ തന്നെ ഇലക്ട്രോണിക് മൂക്കുകള്‍ വച്ചുപിടിപ്പിക്കാവുന്ന അവസ്ഥ വരും. ജലദോഷം ബാധിക്കാത്ത തരത്തിലുള്ള ഇലക്ട്രോണിക് മൂക്കുകള്‍ സൃഷ്ടിക്കുന്ന നന്‍മ-തിന്‍മകള്‍ എന്താണെന്നറിയുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വയ്ക്കാതിരിക്കില്ല.
വാല്‍ക്കഷണം: റോഡില്‍ തുപ്പരുത്, പൊതുസ്ഥലങ്ങളില്‍ മൂക്കു ചീറ്റരുത്. സര്‍ക്കാര്‍ ഉത്തരവാണിത്. ഇനി തുമ്മിയാല്‍ മൂക്ക് തന്നെ അഴിച്ചുകൊണ്ടുപോകുമെന്ന നിലയിലായിരിക്കും ഭാവിയില്‍ പൊലീസ് ഭീഷണി. മൂക്ക് വീണ്ടെടുക്കാന്‍ സ്റ്റേഷനില്‍ ഹാജരാകാനുള്ള 'ഭാഗ്യം' നിങ്ങള്‍ക്ക് ഉണ്ടാവാതിരിക്കട്ടെ.....
രോഗങ്ങള്‍ മണത്തറിയാം...
ഗന്ധങ്ങള്‍ മണത്തറിഞ്ഞ് രോഗം കണ്ടുപിടിക്കുന്ന രീതി പണ്ടുമുതലേ ഉണ്ടെന്ന് പറയുന്നു. കാന്‍സര്‍ രോഗം മണത്തറിയാന്‍ പ്രത്യേക പരിശീലനം ലഭിച്ച പട്ടികളുമുണ്ടിവിടെ. പട്ടികള്‍ക്ക് മാത്രമല്ല യന്ത്രങ്ങള്‍ക്കും ഇങ്ങനെ 'പരിശീലനം' നല്‍കി കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാവുമോ എന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ നോട്ടം. ശരീരത്തില്‍ നിന്നും വമിക്കുന്ന ഗന്ധത്തിന് അനുസൃതമായി ഇതിലെ സെന്‍സറുകളുടെ സ്വഭാവത്തില്‍ മാറ്റം വരികയും കംപ്യൂട്ടര്‍ മോണിറ്ററില്‍ രോഗം തെളിഞ്ഞു വരുന്ന അവസ്ഥയുമാണ് ഇനി ഉണ്ടാവുക. ചീഞ്ഞ ആപ്പിളിന്റെ ഗന്ധം ഒരു വ്യക്തിയുടെ ശരീരത്തില്‍ നിന്നുണ്ടായാല്‍ ഈ വികൃതിക്കാരന്‍ മൂക്ക് അയാള്‍ക്ക് ഡയബറ്റിസ് പിടിപെട്ടിട്ടുണ്ടെന്ന് വിധിയെഴുതും. ആപ്പിള്‍ മണം മാത്രമല്ല ബേരിക്കയുടെയും അസെറ്റോണിന്റെയും മണം ഡയബറ്റിസ് പിടിപ്പെട്ടയാള്‍ക്ക് ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്നും യന്ത്രം മനസ്സിലാക്കിയിട്ടുണ്ട്. ഇറച്ചിക്കടയിലെ ഗന്ധമാണ് ശരീരത്തിനുള്ളതെങ്കില്‍ യെല്ലോ ഫീവറും ചീഞ്ഞ മത്സ്യഗന്ധം വൃക്കയുടെ പ്രശ്നവും ആന്തരാവയവങ്ങളുടെ പ്രത്യേകിച്ച് ആമാശയം, കുടല്‍ എന്നിവയുടെ പ്രവര്‍ത്തന വൈകല്യത്തെക്കുറിച്ചുള്ള സൂചന ദുഷിച്ച ഗന്ധവുമാണെന്നാണ് ഇതുവരെയുള്ള യന്ത്രത്തിന്റെ നിഗമനം. പഴകിയ ബിയറിന്റെ മണം ഒരുപക്ഷെ ക്ഷയരോഗ ലക്ഷണമായേക്കാം. ഗവേഷണങ്ങള്‍ പൂര്‍ണ്ണതയിലെത്തുന്നതോടെ മാത്രമേ ഇതിന്റെ കൃത്യത ഉറപ്പിക്കാനാവുകയുള്ളൂ.
- ടി.വി. സിജു
(തേജസ്, ജൂലായ്)
1 comment:
ദുര്‍ഗന്ധപൂരിത പ്രദേശങ്ങളില്‍ മൂക്ക് 'ഓഫ്' ചെയ്ത് നടക്കാനും അതുപോലെ ഭക്ഷണം വായിലിടാതെ രുചി അറിയാനും പറ്റുന്ന കാലം വരികയാണ് ! നീണ്ടുരുണ്ട്, പരന്ന്, മെലിഞ്ഞ ഒറിജിനല്‍ മൂക്കല്ല 'ഓഫാ'ക്കുന്നത് - പകരംവയ്ക്കാവുന്ന ഇലക്ട്രോണിക് മൂക്കുകളാണ്.
Post a Comment