ചിരിക്കാത്തവരുടെ മുഖം ഇനി ക്യാമറയില്‍ പതിയില്ല. ചിരിക്കുന്നവരെ മാത്രമേ ക്യാമറ ഇനി ഫോക്കസ് ചെയ്യൂ. കാണുക മാത്രമല്ല ക്യാമറകള്‍ കേള്‍ക്കുകയും ചെയ്യും. കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ അത് അപ്പടി സ്വയം പകര്‍ത്തും! വസ്ത്രത്തിനുള്ളിലൂടെ ഒളിഞ്ഞു നോക്കാനും ക്യാമറകള്‍ റെഡി! ആനന്ദലബ്ധിക്കിനി എന്തുവേണം?
ഒരു ചിരി കണ്ടാല്‍
മൊഴി കേട്ടാല്‍ അതുമതി...
എന്റെ ഫോട്ടോ എടുത്തത് തീരെ ശരിയായില്ല. ഈ പ്രിന്റില്‍ എന്നെ കാണാന്‍ ഒരു ഭംഗിയുമില്ല. ഞാന്‍ ചിരിക്കാത്തപ്പോള്‍ മാത്രമേ അയാള്‍ ക്യാമറയുടെ ബട്ടണില്‍ വിരല്‍ അമര്‍ത്തൂ. അതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്. ചിരിക്കുന്ന ഫോട്ടോ ആയിരുന്നെങ്കില്‍ എന്നെ കാണാന്‍ എന്ത് ചന്തമുണ്ടായിരുന്നേനെ. ഇനി ചിരിക്കുമ്പോള്‍ മാത്രം ഫോട്ടോയെടുക്കുന്ന ക്യാമറയുണ്ടായിരുന്നെങ്കില്‍... എന്റെ മുഖത്തിന് ഇങ്ങനെയൊരു 'ദുര്‍ഗതി' വരില്ലായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുമ്പോള്‍ പണ്ട് ഫോട്ടോഗ്രാഫര്‍ പറയുന്ന ഒരു സ്ഥിരം വാചകമുണ്ട്: ഒന്ന് ചിരിക്കൂന്നേ..., ഇതുകേള്‍ക്കുന്ന മാത്രയില്‍ എവിടെ നിന്നോ ഒരു കൃത്രിമ ചിരി മുഖത്ത് വിരിയുകയായി. ആ നിമിഷം ക്യാമറയിലെ ബട്ടണ്‍ അമരും. പിന്നെ പ്രിന്റ് ലഭിക്കാനുള്ള കാത്തിരിപ്പാണ്. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും സ്റ്റുഡിയോലെത്തി പ്രിന്റിനായി കാത്തിരിക്കുമ്പോഴും തന്റെ സുന്ദരമുഖം ഫോട്ടോയില്‍ എങ്ങനെ ഉണ്ടാവുമെന്നറിയാനുള്ള വെപ്രാളമായിരിക്കും മനസ്സില്‍. ഫോട്ടോഗ്രാഫര്‍ തരുന്ന കവര്‍ പൊളിച്ച് നോക്കുന്നതോടെ ചിലരുടെ മുഖവും വാടിത്തുടങ്ങും. അയ്യേ.... ഇത് ഞാന്‍ തന്നെയാണോ.... ശ്ശെ... മോശം.... ഇത് എങ്ങനെയാ ഒരാള്‍ക്ക് ഞാന്‍ കൊടുക്കുക....ശ്ശെ... ചിരിക്കാത്തവരുടെ മുഖം ഇനി ക്യാമറയില്‍ പതിയില്ല. ചിരിക്കുന്നവരെ മാത്രമേ ക്യാമറ ഇനി ഫോക്കസ് ചെയ്യൂ. ഈ ക്യാമറ വിപണിയില്‍ എത്തിക്കഴിഞ്ഞു. ചിരിക്കുന്ന മുഖങ്ങള്‍ മാത്രം പകര്‍ത്താന്‍ കഴിയുന്ന ഡിജിറ്റല്‍ ക്യാമറ, അതാണ് സോണിയുടെ സ്മൈല്‍ ഷട്ടര്‍. 350 ഡോളര്‍ വിലയുള്ള ഇത് കരയുന്ന മുഖങ്ങള്‍ പകര്‍ത്തില്ല. ഒരു സംഘത്തിന്റെ ദൃശ്യമാണ് പകര്ത്തേണ്ടതെങ്കില് അതില്‍ ഏത് മുഖം ഫോക്കസ് ചെയ്യണമെന്നത് ക്യാമറ തീരുമാനിക്കും. അത് ചിരിയുടെ അളവ് നോക്കിയായിരിക്കും. ക്യാമറയുടെ വ്യൂവര്‍ ഫൈന്ഡറിനടുത്ത് ചിരിയുടെ തോത് അളക്കുന്നതിനുള്ള സംവിധാനമുണ്ട്. ടൂത്ത്പേസ്റ്റിന്റെ പരസ്യത്തിലേതു പോലെ ബൈക്ക് ഓടിക്കുന്ന ചിരിയും ആത്മവിശ്വാസത്തോടെയുള്ള പുഞ്ചിരിയും, ഇനി അത് അളക്കാന്‍ പറ്റുന്ന കാലവും. ഇന്ന് ഡിജിറ്റല്‍ യുഗമാണ്. സങ്കേതികമായി വളര്‍ച്ചയുടെ കാലഘട്ടത്തിലായിരുന്നു ഫോട്ടോഗ്രാഫി രംഗം. ഫിലിം എന്നത് ഒരു അപൂര്‍വ്വ വസ്തുവായി. ഇന്ന് പ്രതിബിംബങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിക്കുന്നതാവട്ടെ ഇലക്ട്രോണിക് കാര്‍ഡുകളും. ക്യാമറാ സൌകര്യം ഉണ്ടെങ്കിലേ പുതിയൊരു സെല്‍ഫോണ്‍ വാങ്ങൂ എന്ന നിലപാടിലാണ് പുതുതലമുറ. അതും ക്യാമറ മാത്രം പോര. നല്ല വ്യക്തതയും കൃത്യതയും വേണം. മുപ്പത്തിയാറായിരം നാനോ ലെന്‍സുകളുള്ള ക്യാമറകള്‍ വരെ ഇന്ന് മാര്‍ക്കറ്റില്‍ ഇറങ്ങിയിട്ടുണ്ട്. നാനോ ടെക്നോളജി വികസിച്ചുവരുന്ന ഇക്കാലത്ത് ക്യാമറകള്‍ ചെറുതാവുന്നതോടൊപ്പം കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ സ്മാര്‍ട്ട് ആവുക കൂടിയാണ്. ചിരിക്കാന്‍ ഇന്ന് പരിശീലനം നല്കുന്ന സ്ഥാപനങ്ങളുണ്ട്. മിസ് ഇന്ത്യയും മിസ് യൂണിവേഴ്സും സിനിമാ നടികളും നടന്മാരും രാഷ്ട്രീയക്കാരും വരെ ചിരിയുടെ ഈ മാരസ്മരിക ശക്തി അറിയുന്നവരാണ്. ഇന്ന് പല യന്ത്രങ്ങള്‍ക്കും മനുഷ്യന്റെ ചിരിയും മറ്റും തിട്ടപ്പെടുത്താനുള്ള സങ്കേതങ്ങള്‍ വികസിപ്പിച്ചുകൊടുത്തിട്ടുണ്ട്. ചിരി ആത്മാര്‍ത്ഥമാണോ അതോ കള്ളച്ചിരിയാണോ എന്ന് ഈ അളവ് തൂക്കത്തിലൂടെ അറിയാനാവുമോ കാത്തിരുന്ന് കാണാം. കാണുക മാത്രമല്ല കേള്‍ക്കുകയും ചെയ്യാന്‍ ക്യാമറകള്‍ക്ക് കഴിയുമെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ അത് അപ്പടി പകര്‍ത്തുകയും ചെയ്യും! ഗ്ളാസ് തകരുന്ന ശബ്ദം, ഉച്ചത്തിലുള്ള ശകാരം, ആളുകള്‍ കൂട്ടമായി നിന്ന് ഒച്ചവയ്ക്കുന്നത് തുടങ്ങിയവ തിരിച്ചറിഞ്ഞ് അത് സ്വയം പകര്‍ത്തിവയ്ക്കും. നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പ്രോഗ്രാം ആണ് ഈ ക്യാമറയുടെ ജീവനാഡി. ക്ളോസ്ഡ് സര്‍ക്യൂട്ട് ടി വി ക്യാമറകളിലാണ് ആദ്യം ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. വസ്ത്രങ്ങള്‍ക്കാണ് ചില ക്യാമറകള്‍ ഭീഷണി ഉയര്‍ത്തുന്നത്. 25 ദൂരപരിധിയില്‍ നിങ്ങള്‍ നിന്നാലും വസ്ത്രത്തിനു പിന്നിലുള്ളതെല്ലാം വ്യക്തമായി കാണാം. അതായത് നഗ്ന ശരീരം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഈ ക്യാമറയുമായി രംഗത്തെത്തിയിരിക്കുന്നത്. ക്യാമറാ ഫോണുകള്‍ സമൂഹത്തിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളി കനത്തതാണ്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റംമൂലം പലരും ഇന്ന് പേടിയോടെയാണ് കഴിയുന്നത്, പ്രത്യേകിച്ചും സ്ത്രീകള്‍. സൂം ചെയ്യാതെയും അല്ലാതെയും ലെന്‍സിന്റെ പരിധിയില്‍ വരുന്നതെല്ലാം ഇവന് ഒപ്പിയെടുക്കും. ഇത് എവിടെ എപ്പോള്‍ ഉപയോഗപ്പെടുത്തുമെന്നും പറഞ്ഞുകൂടാ. അശ്ളീലരംഗങ്ങള്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയാല്‍ ഉറപ്പാണ്, അത് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് പേരുടെ കയ്യിലെത്തുമെന്ന്. രാഷ്ട്രീയക്കാരുടെ മനംമയക്കുന്ന സോപ്പു പതയുന്നതു പോലുള്ള ചിരി കണ്ടാല്‍ ക്യാമറ പിന്നെ ഒന്നും ആലോചിക്കില്ല. തനിയെ അതൊന്ന് കണ്ണുചിമ്മി തുറക്കും. അക്കൂട്ടത്തില്‍ ആരാണ് നല്ല ചിരിക്കാരന്‍ എന്നു മാത്രമേ അപ്പോള്‍ ക്യാമറ നോക്കിയിട്ടുണ്ടാവൂ! ഗ്രൂപ്പുകളിലെ പ്രമുഖനെ ആവില്ല. ഒരു ചിരിക്ക് രണ്ട് മിനുട്ട് ആയുസ്സ് കൂട്ടാന്‍ പറ്റുമെന്നാണ് പറയുന്നത്. അതിനുള്ള ആഗ്രഹം ഇല്ലെങ്കിലും ക്യാമറയില്‍ സ്വന്തം മുഖം പകര്‍ത്തണമെന്ന് കരുതി ഇനി കൊലച്ചിരിയൊന്നും ചിരിച്ചേക്കരുത്. ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിക്കോളൂ... ഇവിടെ ക്യാമറയില്‍ നിങ്ങളുടെ മുഖമെല്ലാം തെളിയുന്നുണ്ട്... ക്ളിക്ക്... ക്ളിക്ക്... ക്ളിക്ക്...
- ടി.വി.സിജു
(തേജസ്, ജൂലായ് 06)
1 comment:
ചിരിക്കുന്നവരെ മാത്രമേ ക്യാമറ ഇനി ഫോക്കസ് ചെയ്യൂ. കാണുക മാത്രമല്ല ക്യാമറകള്‍ കേള്‍ക്കുകയും ചെയ്യും. കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ അത് അപ്പടി സ്വയം പകര്‍ത്തും! വസ്ത്രത്തിനുള്ളിലൂടെ ഒളിഞ്ഞു നോക്കാനും ക്യാമറകള്‍ റെഡി! ആനന്ദലബ്ധിക്കിനി എന്തുവേണം?
Post a Comment