കണ്ണൂര്‍: വായനയ്ക്ക് ശക്തിപകരാന്‍ മലയാളത്തിലേക്ക് മൊബൈല്‍ നോവലെറ്റുകള്‍ കൂടി എത്തുകയായി. മലയാളത്തിലെ പ്രഥമ മൊബൈല്‍ നോവലായ 'നീലക്കണ്ണുകള്‍'ക്ക് ശേഷം പി.ആര്‍. ഹരികുമാര്‍ രണ്ട് പുതിയ നോവലെറ്റുകള്‍ മൊബൈല്‍ സംവിധാനത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്; 'സ്നേഹത്തിന്റെ സമയം', 'അലിയുന്ന ആള്‍ രൂപങ്ങള്‍' എന്നീ രണ്ട് രചനകളും ഡിസംബറോടെ വായനക്കാര്‍ക്ക് സൌജന്യമായി ലഭ്യമാക്കും.
ഇതിനിടയ്ക്ക് ഇംഗ്ളീഷില്‍ 'സൂം ഇന്ത്യ' എന്ന പേരില്‍ ഫോണ്‍ മാഗസിനിനും ഹരികുമാര്‍ തുടക്കമിട്ടിട്ടുണ്ട്. ആറ് മാസത്തിലൊരിക്കലാണ് ഇത് പുറത്തിറങ്ങുക.
ഇന്റര്‍നെറ്റില്‍ നിന്ന് പതിനായിരത്തോളം ഡൌണ്‍ലോഡുകള്‍ നടന്നിട്ടുണ്ടെന്ന് അവകാശപ്പെടുന്ന 'നീലക്കണ്ണുകള്‍' എന്ന മൊബൈല്‍ നോവലിന് മുമ്പ് രാമായണം, തിരുക്കുറള്‍ തുടങ്ങിയവയുടെ മൊബൈല്‍ രൂപങ്ങളും ഇദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. കര്‍ക്കടക മാസത്തില്‍ രാമായണ പാരായണത്തിന് മൊബൈല്‍ ഫോണില്‍ നോക്കിയാല്‍ മതിയെന്നാവുകയാണ്.
പുതുതലമുറയില്‍ വായനാസംസ്കാരം പരിപോഷിപ്പിക്കാന്‍ ഇത്തരം സംരംഭങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പ്രസിദ്ധീകരണത്തിനും വിതരണത്തിനുമുള്ള ചെലവ് പരമ്പരാഗത സംവിധാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നത് മെച്ചവും.
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ഹരികുമാര്‍ കാലടി ശ്രീശങ്കരാ കോളേജില്‍ മലയാള വിഭാഗം സെലക്ഷന്‍ ഗ്രേഡ് ലക്ചററാണ്. നേരത്തെ 2006 ജൂലായിലാണ് ആദ്യ ഫോണ്‍ നോവല്‍ 'നീലക്കണ്ണുകള്‍' പുറത്തിറക്കിയത്. ഭാരതീയ ഭാഷകളിലെ ആദ്യ ഫോണ്‍ നോവലാണിതെന്ന് അദ്ദേഹം പറയുന്നു.
ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന നോവല്‍ കംപ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്ത് ഇതിനെ പിന്നീട് മൊബൈല്‍ ഫോണിലേക്ക് ബ്ളൂടൂത്ത് അല്ലെങ്കില്‍ കേബിള്‍ വഴി മൊബൈലിലേക്ക് പകര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഏതാണ്ട് 600 പേജുള്ള എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം 335 കിലോബൈറ്റ്സ് വലിപ്പമുള്ള പ്രത്യേക ഫയലാക്കിയാണ് മൊബൈലിലേക്ക് മാറ്റുന്നു. 'ജാര്‍' (ജാവ ആര്‍ക്കൈവ്) എന്ന ഫോര്‍മാറ്റിലൂടെയാണ് ഈ രൂപമാറ്റം. ഒരു സാധാരണ എം.പി 3 പാട്ടിന്റെ എട്ടിലൊന്ന് വലിപ്പമേ ഫോണ്‍ രാമായണത്തിന് വരൂ എന്നതാണ് സവിശേഷത.
നീലക്കണ്ണുകളുടേത് 70 കിലോബൈറ്റ്സായിരുന്നു. പുതിയ നോവലെറ്റുകള്‍ക്ക് 100 കിലോബൈറ്റ്സില്‍ താഴെയായിരിക്കും വലിപ്പമെന്ന് ഹരികുമാര്‍ പറഞ്ഞു. ജാര്‍ സാങ്കേതികവിദ്യയിലൂടെ തന്നെയാണ് 'സൂം ഇന്ത്യ' ഇംഗ്ളീഷ് ഫോണ്‍ മാഗസിനും പുറത്തിറക്കിയത്. ആറു മാസത്തിലൊരിക്കലാണ് ഇത് ഇറങ്ങുക. ഏതാണ്ട് 450 കിലോബൈറ്റ്സ് വരും ഇതിന്റെ വലിപ്പം.
ടി.വി.സിജു (കേരളകൗമുദി, ജൂണ്‍ 19)
1 comment:
വായനയ്ക്ക് ശക്തിപകരാന്‍ മലയാളത്തിലേക്ക് മൊബൈല്‍ നോവലെറ്റുകള്‍ കൂടി എത്തുകയായി.
Post a Comment