Sunday, December 30, 2007
ഒരു പെഗ്, പ്ളീസ്...
നാല് പെഗും കഴിച്ച് ഒരു `നിലവാര'ത്തിലിരിക്കുമ്പോഴാണ് അഞ്ചാമതൊന്ന് കൂടി വേണമെന്ന് തോന്നിയത്. കൊടുത്തു ഒരിടി, മേശപ്പുറത്ത്- ബാറിലെ വൈന്‍ ഗ്ളാസ് പൊട്ടിച്ചിതറി. പിന്നെ ആകെ ബഹളമായി. ഒരു പെഗ്ഗിന് ഓര്‍ഡര്‍ ചെയ്യാന്‍ ഗ്ളാസ്സെടുത്ത് മേശപ്പുറത്ത് കുത്തിയത് അവസാനം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ബാറിലെ സ്ഥിരം ?കലാപരിപാടി'കളുടെ കൂട്ടത്തിലാണ് ഇതിനുള്ള സ്ഥാനം. എന്നാല്‍ ഇനി ഈവക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാങ്കേതികവിദ്യയെ ആവേശപൂര്‍വ്വം നെഞ്ചിലേറ്റാന്‍ ഒരുങ്ങുകയാണ് ഈ മേഖല. ബാറിലിരുന്ന് പെഗിന് ഓര്‍ഡര്‍ ചെയ്യാന്‍ ഇനി ഇത്രയൊന്നും അക്രമം നടത്തേണ്ടി വരില്ല. ?ചൂടാ'ണെങ്കിലും ഇല്ലെങ്കിലും കാര്യങ്ങളെല്ലാം വളരെ കൂളായി നടക്കും, ഉറപ്പ്. ഗ്ളാസിലുള്ള മദ്യം ഒരു പരിധിയിലധികം സിപ്പ് ചെയ്ത് തീരുമ്പോഴേക്കും ബാറിലെ വെയിറ്റര്‍മാര്‍ അടുത്ത പെഗുമായി നിങ്ങളുടെ മുന്നിലെത്തിയിട്ടുണ്ടാവും. അപ്പോഴാണ് നിങ്ങളറിയുക ഗ്ളാസ്സിലെ മദ്യം തീര്‍ന്നെന്ന്. മദ്യം ലഭിക്കാന്‍ തിടുക്കമുണ്ടെന്ന് വയ്ക്കുക. അതിന് ചെയ്യേണ്ടത് ഇത്രമാത്രം - കയ്യിലിരിക്കുന്ന ഗ്ളാസ്, മേശപ്പുറത്ത് ഗ്ളാസ് വയ്ക്കാന്‍ ഉപയോഗിക്കുന്ന ?മാറ്റി'ന് മുകളിലൂടെ വെറുതെ കറക്കുക. കറക്കുന്നതിന്റെ സ്പീഡനുസരിച്ച് നിങ്ങളുടെ തിടുക്കം വെയിറ്റര്‍മാര്‍ക്ക് മനസ്സിലാവും. ലഹരിയില്‍ മത്തുപിടിച്ച നിങ്ങള്‍ക്ക് ഒന്നല്ല, മൂന്നോ നാലോ പെഗ് ഒരുമിച്ച് വേണമെന്ന് വയ്ക്കുക. അങ്ങനെയെങ്കില്‍ മേശപ്പുറത്തെ ഗ്ളാസ് മാറ്റുകളെല്ലാം ഒരു കയ്യില്‍ അട്ടിവച്ചാല്‍ മതി. അപ്പോള്‍ അത്രയും പെഗ് മദ്യവുമായി സേവകന് നിങ്ങളുടെ മുന്നിലെത്തും. എല്ലാവരെയും സെര്‍വ്വ് ചെയ്യുന്നതിനിടയില്‍ ഓരോരുത്തരുടെയും ടേബിളില്‍ എത്തിവലിഞ്ഞ് നോക്കിയൊന്നുമല്ല വെയിറ്റര്‍മാര്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്, അതെല്ലാം ഒരു മാജിക്കാണ്. ബാറില്‍ ക്ളോസ്ഡ് സര്‍ക്യൂട്ട് ടി വി വച്ച് നിരീക്ഷിച്ചായിരിക്കും കാര്യങ്ങള്‍ നടപ്പാക്കുന്നതെന്നാ യിരിക്കും ഇനി നിങ്ങള്‍ ഊഹിക്കുന്നത്. അല്ല, മേശപ്പുറത്തെ ചെറിയൊരു ?മാറ്റാ'ണ് നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചൂടുപകരുന്നത്. ഗ്ളാസ് വയ്ക്കാന്‍ ഉപയോഗിക്കുന്ന സാധാരണ മാറ്റുകളെ പോലെ തന്നെയാണ് ഇതും. നനവ് വലിച്ചെടുക്കുന്നതോടൊപ്പം ബാര്‍ അധികൃതര്‍ക്ക് ആവശ്യമായ വിവരങ്ങളും കൈമാറുമെന്ന് മാത്രം. അതിനു വേണ്ടി പ്രത്യേക സെന്‍സര്‍ സംവിധാനങ്ങളാണ് ഈ മാറ്റുകളില് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജര്‍മ്മനിയില്‍ മ്യൂനിക് സര്‍വ്വകലാശാലയിലെ പ്രൊഫ. ആന്‍ഡ്രിയാസ് ബുട്സിന്റെ നേതൃത്വത്തില്‍ മാത്യാസ് ഹാനന്‍, റോബര്‍ട്ട് ഡോയര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ഈ അതിശയിപ്പിക്കുന്ന മാറ്റുകള്‍ രൂപപ്പെടുത്തിയെടുത്തത്. മാറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവിധ സെന്‍സറുകളാണ് ഈ വിദ്യയെല്ലാം കാണിക്കുന്നത്.മുകളില്‍ വയ്ക്കുന്ന ഗ്ളാസ്സിന്റെ ഭാരം കണക്കാക്കിയാണ് ഈ ?മാറ്റ്' കാര്യങ്ങള്‍ അനുമാനിക്കുന്നത്. ശൂന്യമായ ഗ്ളാസ്സും മദ്യം ഒഴിച്ചുവച്ചിരിക്കുന്ന ഗ്ളാസ്സും തമ്മിലുള്ള ഭാര വ്യത്യാസം നിശ്ചയിക്കുന്നത് ഇതിലെ ഇലക്ട്രോണിക് സെന്‍സറുകളാണ്. മാത്രമല്ല ഒരു നിശ്ചിത പരിധിയില്‍ ഗ്ളാസ്സിലെ മദ്യത്തിന്റെ അളവ് കുറഞ്ഞാല്‍ വെയിറ്ററുടെ മുന്നിലുള്ള സ്ക്രീനിലാണ് ലൈറ്റ് തെളിയുക. അപ്പോഴറിയാം ഏത് ടേബിളിലാണ് തന്റെ സേവനം ആവശ്യമാണെന്നത്. ഇപ്പോള്‍ സൂത്രം മനസ്സിലായില്ലേ. ഇതേ മാറ്റ് തന്നെ ഡാന്‍സ്, കരോക്കെ ബാറുകളില്‍ വോട്ടിംഗിനായി ഉപയോഗിക്കാനുമാവും. ആര്‍ട്ടിസ്റ്റിന്റെ നൃത്തം തുടരണോ വേണ്ടയോ എന്ന് വോട്ടിനിട്ടാല്‍ ചെയ്യേണ്ടത് ഇത്രമാത്രം. അനുകൂലിക്കുന്നവര്‍ മാറ്റിന് മുകളില്‍ നിന്ന് ഗ്ളാസ് കയ്യിലെടുക്കുക. അല്ലാത്തവര്‍ ഗ്ളാസ് കമിഴ്ത്തി വച്ചാല്‍ നെഗറ്റീവ് വോട്ടായി മാറ്റിലെ സെന്‍സറുകള്‍ പരിഗണിച്ച് വോട്ട് രേഖപ്പെടുത്തും. ബാര്‍ മാനേജര്‍ക്ക് തന്റെ മുന്നിലുള്ള സ്ക്രീനില്‍ മൊത്തം ഫലം അപ്പോള്‍ തന്നെ ലഭിക്കും. അതോടെ അവര്‍ക്ക് ആര്‍ട്ടിസ്റ്റിനുള്ള നിര്‍ദ്ദേശം നല്‍കാം.ആവശ്യം കഴിഞ്ഞാല്‍ മാറ്റ് വലിച്ചെറിഞ്ഞേക്കരുത്. ഇപ്പോള്‍ പൊള്ളുന്ന വിലയുള്ള ഈ ഉപകരണത്തിന് വ്യാപകമായി ഉപയോഗത്തിലാവുമ്പോള്‍ പത്ത് ഡോളറില്‍ താഴെ മാത്രമേ വരികയുള്ളൂ. വാല്‍ക്കഷ്ണം: മദ്യപിക്കാന്‍ ഒരു `കമ്പനി' വേണമെന്ന നിബന്ധന മിക്കവര്‍ക്കും ഉണ്ടാകും. ഒന്നു മിണ്ടാനും പറയാനും ആളുകളില്ലാതിരിക്കുമ്പോള് ഉണ്ടാകുന്ന മൂഡ് ഔട്ട് അസഹനീയം തന്നെയെന്ന് ചിലര്‍. കൂടെ ആരുമില്ലെങ്കിലും മേശപ്പുറത്തെ വൈന്‍ കുപ്പി നിങ്ങളോട് സംസാരിക്കാനുണ്ടാകും. ഇറ്റലിയിലാണ് പുതിയ പരീക്ഷണം. തമാശയായിരിക്കില്ല പറയുന്നത്- പിന്നെയോ വൈനിന്റെ ചരിത്രം, അതിന്റെ നിര്‍മ്മാണ രീതി, ഗുണമേന്മ തുടങ്ങിയവയെക്കുറിച്ച്. ഇതിനായി പ്രത്യേക ചിപ്പ് ഘടിപ്പിച്ച ലേബലുകളാണ് മദ്യക്കുപ്പിയില്‍ ഒട്ടിച്ചിരിക്കുന്നത്. ഇറ്റലിയിലെ പ്രമുഖ ലേബല്‍ നിര്‍മ്മാതാക്കളായ `മോഡ്യുള്ഗ്രഫ്' എന്ന കമ്പനിയാണ് `സംസാരിക്കുന്ന' മദ്യക്കുപ്പി'യുമായി മാര്‍ക്കറ്റില്‍ ആളുകളെ വലവീശിപ്പിടിക്കാന്‍ മദ്യക്കമ്പനികള്‍ക്ക് ഒത്താശയൊരുക്കുന്നത്. കുപ്പികളിലും ബാറിലും മാത്രമല്ല വൈന്‍ നിര്‍മ്മാണത്തിനിടയില്‍ ടേസ്റ്റ് നോക്കാനായി ഇപ്പോള്‍ പ്രത്യേകതരം സെന്‍സറുകള്‍ ഘടിപ്പിച്ച റോബോട്ടുകളെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവന് അടിച്ചുപൂസാകുമെന്ന് ചിന്തിച്ച് തലപുണ്ണാക്കേണ്ടതില്ല!
Subscribe to:
Post Comments (Atom)
1 comment:
ശാസ്ത്രത്തിന്റെ ഓരോരോ പുരോഗതിയേയ്...
Post a Comment