Sunday, December 30, 2007

കളി കാര്യമാക്കിയാല്‍ ഓഫീസറാവാം

രാത്രിയെന്നോ പകലെന്നോ നോക്കാതെ...

പണം കൊയ്യുന്ന പ്രോജക്‌ടുകള്‍ എത്രയും പെട്ടെന്ന്‌ പൂര്‍ത്തിയാക്കാനുള്ളബദ്ധപ്പാടില്‍ രാത്രിയെന്നോ പകലെന്നോ നോക്കാതെ ജോലി ചെയ്യുന്നവരാണ്‌ `ടെക്കി'കളില്‍ നല്ലൊരു പങ്ക്‌. കുടുംബബന്‌ധങ്ങളൊക്കെ മനസ്സിന്റെ ഏതെങ്കിലും ഒരു മൂലയില്‍ കിടക്കും. ഒടുവില്‍, ബന്‌ധങ്ങള്‍ ശിഥിലമായി ഒറ്റപ്പെടുമ്പോള്‍ മനസ്സ്‌ ഒരു കുരങ്ങന്റെ പരുവത്തിലാകുന്നു. അടക്കിയാലും അടങ്ങാത്ത അവസ്‌ഥ. ജോലിയില്‍ മനസ്സുറയ്‌ക്കാതെ വരും. അതോടെ മദ്യമോ മയക്കുമരുന്നോ പലര്‍ക്കും ബന്‌ധുക്കളായി മാറുന്നു. കടുത്ത മാനസികസമ്മര്‍ദ്ദം രോഗങ്ങളുടെ രൂപത്തില്‍ ചിലരെ വീഴ്‌ത്തും. മറ്റു വഴികളില്ലാതെ മരണത്തിന്റെ മഹാശാന്തതയില്‍ അഭയം തേടുന്നവര്‍പോലുമുണ്ട്‌.

ചിരിമരുന്ന്‌ കൈവശമുള്ളവര്‍ക്കും വരുന്നു, ഐ.ടി മേഖലയില്‍ തൊഴിലവസരം. പുതിയ തസ്‌തികയാണ്‌ - ഫണ്‍ ഓഫീസര്‍!
ഹൈദരാബാദിലെ ?ബ്രിഗേഡ്‌ ബി.പി. ഒ സെന്ററി'ല്‍ ഫണ്‍ ഓഫീസറെ നിയമിച്ചുകഴിഞ്ഞു. മറ്റു ചില ഐ.ടി സ്‌ഥാപനങ്ങളും ഈ വഴിക്ക്‌ നീങ്ങുന്നു. ജീവനക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന മാനസികപിരിമുറുക്കത്തിന്‌ ശമനം കാണുകയാണ്‌ ലക്ഷ്യം.
ഓഫീസിലെ അന്തരീക്ഷം വലിഞ്ഞുമുറുകുമ്പോള്‍ കൊച്ചുകൊച്ചു ഗെയിമുകള്‍ ഒരുക്കിയും വേണ്ടിവന്നാല്‍ തമാശ പൊട്ടിച്ചും ജീവനക്കാര്‍ക്ക്‌ ഉന്മേഷം പകരുകയാണ്‌ ഫണ്‍ ഓഫീസറുടെ ചുമതല. ജീവനക്കാര്‍ നിരന്തര നിരീക്ഷണത്തിലായിരിക്കും. മാനസികസംഘര്‍ഷത്തിന്റെ നിഴല്‍ ആരുടെയെങ്കിലും മുഖത്ത്‌ കണ്ടാല്‍ ഫണ്‍ ഓഫീസര്‍ ഇടപെടും. ജോലിയെ ബാധിക്കാത്ത തരത്തിലായിരിക്കും ചെറിയ ഗെയിമുകള്‍ നല്‍കുക. വാരാന്ത്യത്തില്‍ വിനോദ യാത്രയോ കലാപരിപാടികളോ സംഘടിപ്പിക്കുന്ന ചുമതലയും ഫണ്‍ ഓഫീസര്‍ക്കുതന്നെ.
മാനസികസംഘര്‍ഷം കുറയ്‌ക്കാന്‍ വന്‍കിട ഐ.ടി കമ്പനികളില്‍ യോഗയ്‌ക്കും ധ്യാനത്തിനുമൊക്കെ ഇപ്പോള്‍ തന്നെ സൗകര്യമുണ്ട്‌. പക്ഷേ, യോഗയിലും ധ്യാനത്തിലുമൊന്നും ഒതുങ്ങാത്തതാണ്‌ ചില കേസുകള്‍.
രണ്ടരവര്‍ഷത്തിനിടയില്‍ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ 14 പേരാണ്‌ അകാലമരണത്തിനിരയായത്‌. രണ്ടുപേര്‍ വിദേശികളാണ്‌. സ്വയം ഹത്യയിലൂടെ ?മോക്ഷം' തേടുകയായിരുന്നു രണ്ടുപേര്‍. ഈ മരണങ്ങള്‍ക്കെല്ലാം പിന്നില്‍ കടുത്ത മാനസികസമ്മര്‍ദ്ദം തന്നെയായിരുന്നു വില്ലന്‍.
മാനസികസമ്മര്‍ദ്ദം സഹിക്കാതെ `ബിസിനസ്‌ പ്രോസസ്‌ ഔട്ട്‌സോഴ്‌സിംഗ്‌' കമ്പനികളില്‍ നിന്ന്‌ ജീവനക്കാര്‍ കൊഴിഞ്ഞുപോകാന്‍ തുടങ്ങിയിട്ടുണ്ട്‌. കൊഴിഞ്ഞുപോക്ക്‌ ഒരു പകര്‍ച്ചവ്യാധിയായി മാറിയാല്‍ ഐ.ടി മേഖലയിലെ പ്രവര്‍ത്തനമാകെ താളം തെറ്റും. സായിപ്പ്‌ ഉണര്‍ന്നിരിക്കുമ്പോള്‍ ഇവിടെ പണി നടക്കണമെങ്കില്‍ രാത്രി പകലാക്കിയേ മതിയാകൂ. പ്രകാശത്തിന്റെ സൂര്യനെ രാത്രി കൊണ്ടുവരാനാവില്ലെങ്കിലും വിനോദത്തിന്റെയും തമാശയുടെയും `സൂര്യവെളിച്ചം' സൃഷ്‌ടിക്കാനാവും. അതിനാണ്‌ ഫണ്‍ ഓഫീസര്‍.


ടി.വി.സിജു
കേരളകൗമുദി, ഡിസംബര്‍ 13, 2007

2 comments:

cyberspace history said...

ചിരിമരുന്ന്‌ കൈവശമുള്ളവര്‍ക്കും വരുന്നു, ഐ.ടി മേഖലയില്‍ തൊഴിലവസരം. പുതിയ തസ്‌തികയാണ്‌ - ഫണ്‍ ഓഫീസര്‍!

പ്രിയ said...

അവസാനം ഐ ടി മേഘലയിലെ ടെന്ഷന് മാറ്റാന് ഫണ് ഓഫീസര് ടെന്ഷന് ആകേണ്ടി വരുമോ?