Sunday, December 30, 2007

ഇലക്‌ഷന്‍ പ്രചാരണവും ഹൈടെക്‌

തിരഞ്ഞെടുപ്പ്‌ പ്രചാരണവും ഇക്കുറി ഹൈടെക്‌ മയമാണ്‌. കക്‌ഷി രാഷ്‌ട്രീയ ഭേദമന്യേ ഇലക്‌ട്രോണിക്‌ പ്രചാരണം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും സംഘടനകളും. ഘട്ടം ഘട്ടമായി നടന്ന ഗുജറാത്ത്‌ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്‌ സാങ്കേതികവിദ്യയുടെ ഈ നേട്ടമാണ്‌ കൂടുതലായി ഉപയോഗിച്ചത്‌. ഇലക്‌ഷന്‍ പ്രചാരണത്തിന്‌ ആധുനിക സൗകര്യങ്ങളാണ്‌ വിവിധ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുത്തിരിക്കുന്നത്‌. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വികാസം ശരിക്കും മുതലെടുക്കാനായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മുഴുവന്‍ സന്നാഹങ്ങളുമായി മത്സരിക്കുകയാണ്‌.
ഇ-മെയില്‍, എസ്‌. എം. എസ്‌, വെബ്‌സൈറ്റ്‌ വഴിയുള്ള ഇലക്‌ഷന്‍ പ്രചാരണം തുടങ്ങിയ നിരവധി മാര്‍ഗ്‌ഗങ്ങളിലൂടെ വോട്ടര്‍മാരെ വശത്താക്കാനുള്ള ചെപ്പടി വിദ്യകളുമായി പുറപ്പെട്ടിരിക്കുന്ന രാഷ്‌ട്രീയ കക്‌ഷികളുടെ സാന്നിദ്ധ്യം ഇക്കുറി തിരഞ്ഞെടുപ്പ്‌ രംഗം ആകെപ്പാടെ ഒരു ഉഷാറിലാണെന്ന്‌ തെളിയിക്കുന്നു. ഇവയ്‌ക്ക്‌ പുറമെ ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലേയും പരസ്യങ്ങള്‍ കൂടിയാവുമ്പോള്‍ കാര്യം പൊടിപൂരവും.
ഹൈടെക്‌ പ്രചാരണം കൊഴുപ്പിക്കാന്‍ മിക്ക രാഷ്‌ട്രീയ പാര്‍ട്ടികളും അതത്‌ ജില്ലാ ആസ്‌ഥാനങ്ങളിലും മറ്റും മീഡിയാ സെല്ലുകളും കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളും ഉപയോഗിക്കുന്നുണ്ട്‌. ഇവയെല്ലാം രാജ്യ വ്യാപകമായി പ്രവര്‍ത്തിക്കുന്ന നെറ്റ്‌വര്‍ക്കുകളുമായി ബന്‌ധപ്പെടുത്തി ആവശ്യമായ വിവരങ്ങള്‍ ഞൊടിയിടയില്‍ എത്തിക്കാനുള്ള സംവിധാനമാണ്‌ ഒരുക്കിയിരിക്കുന്നത്‌. വോട്ടര്‍മാരുടെ സെല്‍ഫോണുകളിലേക്ക്‌ എസ്‌. എം. എസ്‌. സന്ദേശങ്ങളയക്കാന്‍ വിവിധ സെല്‍ഫോണ്‍ ഓപ്പറേറ്റര്‍മാരുമായി പല രാഷ്‌ട്രീയ പാര്‍ട്ടികളും ധാരണയിലെത്തിയിട്ടുണ്ട്‌. ചെറുപ്പക്കാരെ ലക്‌ഷ്യമിട്ട്‌ മ്യൂസിക്‌ ചാനല്‍, തൊഴിലന്വേഷണം, വിവാഹാലോചന തുടങ്ങിയവ കൈകാര്യം വെബ്‌സൈറ്റുകളിലൂടെയും പ്രചാരണം വേറെയും. ഇതിന്‌ പുറമെ പാര്‍ട്ടിയുടെ സ്വന്തം വെബ്‌സൈറ്റിലൂടെയുള്ള പ്രചാരണവും ശക്തമാണ്‌.
സെല്‍ഫോണുകളില്‍ കൂടി വെറും ടെക്‌സ്‌റ്റ്‌ മേസേജ്‌ മാത്രമാവില്ല കൈമാറുക. പാര്‍ട്ടി ചിഹ്‌നങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പിക്‌ചര്‍ മെസേജുകളും നിരവധി പേരുടെ സെല്‍ഫോണുകളിലേക്ക്‌ ഒഴുകി കൊണ്ടിരിക്കും. പുതുവര്‍ഷാരംഭത്തില്‍ ലക്‌ഷക്കണക്കിന്‌ എസ്‌. എം. എസ്‌. സന്ദേശങ്ങളാണ്‌ ഉപഭോക്താക്കള്‍ കൈമാറിയിരുന്നത്‌. അതിനാല്‍ ചില ടെലിഫോണ്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനം പോലും തടസ്സപ്പെടാനിടയായിരുന്നു. അതുപോലെ തിരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനിക്കുന്ന സമയത്ത്‌ ഇതുപോലെ സന്ദേശങ്ങളുടെ പ്രവാഹമുണ്ടായാല്‍ അതുപോലുള്ള ഒരവസ്‌ഥ സംജാതമാകാനിടയുണ്ട്‌. മാത്രമല്ല ഇലക്‌ഷന്‍ പ്രചാരണത്തിന്‌ `ഉപദ്രവം' ചെയ്യാത്ത വിധത്തിലുള്ള കംപ്യൂട്ടര്‍ വൈറസ്‌ പ്രോഗ്രാമുകള്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കാനുള്ള സാദ്ധ്യതയും ഇല്ലാതില്ല. തങ്ങളുടെ സ്‌ഥാനാര്‍ത്‌ഥിക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ അഭ്യര്‍ത്‌ഥിച്ചുകൊണ്ട്‌ ചിത്രം സഹിതമുള്ള ഒരു മെസേജ്‌ വൈറസിന്റെ രൂപത്തിലേക്ക്‌ മാറ്റിയാല്‍ ഇക്കാര്യം ഒരു ചെലവുമില്ലാതെ ഇന്റര്‍നെറ്റിലൂടെ ലോകത്താകമാനം തന്നെ ?വിതരണം' നടത്താനാവുമെന്ന്‌ ചിലര്‍ കരുതുന്നുണ്ട്‌.
പാര്‍ട്ടിയുടെ ചരിത്രം മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ പാര്‍ട്ടി നടത്തുന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ യഥാസമയം അപ്‌ഡേറ്റ്‌ ചെയ്യുന്നതിനായി ഈ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ പാര്‍ട്ടി ഓഫീസുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഈ സൈറ്റുകളില്‍ നിന്ന്‌ മറ്റ്‌ സൈറ്റുകളിലേക്ക്‌ ആവശ്യമായ ലിങ്കുകളും നല്‍കിയിട്ടുണ്ട്‌. ദേശീയ നേതാക്കള്‍, സംസ്‌ഥാന നേതാക്കള്‍, പാര്‍ട്ടി സ്‌ഥാനാര്‍ത്‌ഥികള്‍ തുടങ്ങി പാര്‍ട്ടി നാട്ടിനും നാട്ടാര്‍ക്കും വേണ്ടി ചെയ്‌ത `സേവന'ങ്ങളുടെ നീണ്ട കുറിപ്പ്‌ തന്നെ ചില വെബ്‌ സൈറ്റുകളില്‍ ലഭിക്കും. വാദങ്ങളും പ്രതിവാദങ്ങളും അടങ്ങുന്ന ഇത്തരം വെബ്‌സൈറ്റുകള്‍ക്ക്‌ പുറമെ ചില എം. എല്‍. എ. മാരും എം.പി.മാരും പ്രത്യേകം നടത്തുന്ന വെബ്‌സൈറ്റുകളുമുണ്ട്‌.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല ആധുനിക സംവിധാനത്തിന്റെ സഹായം തേടുന്നത്‌. എസ്‌. എം. എസിന്റെ സൗകര്യം പ്രയോജനപ്പെടുത്താനായി കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി (സി. ഐ. ഐ) ചില നിര്‍ദ്ദേശങ്ങള്‍ ഇലക്‌ഷന്‍ കമ്മിഷന്‍ മുമ്പാകെ മുന്നോട്ടു വച്ചിട്ടുണ്ട്‌. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാനുള്ള സന്ദേശങ്ങള്‍ക്ക്‌ പുറമെ വോട്ടര്‍പട്ടിക സംബന്‌ധിച്ച വിവരങ്ങള്‍ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും എസ്‌. എം. എസ്‌. വഴി നല്‍കാനുള്ള നിര്‍ദ്ദേശമാണ്‌ ഇലക്‌ഷന്‍ കമ്മിഷന്റെ പരിഗണനയിലുള്ളത്‌. ഇതുകൂടാതെ നിരവധി ഹെല്‍പ്പ്‌ലൈന്‍ പദ്ധതികളും തുടങ്ങാനും തിരഞ്ഞെടുപ്പ്‌ കമ്മിഷന്‌ പരിപാടിയുണ്ട്‌.
1998ല്‍ ബാലറ്റ്‌ പേപ്പര്‍ അച്ചടിക്കാന്‍ മാത്രം 7,700 മെട്രിക്‌ ടണ്‍ കടലാസ്‌ ഉപയോഗിക്കേണ്ടി വന്നു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ അതിലും കൂടുതല്‍ വേണ്ടി വന്നേനെ. ബാലറ്റ്‌ പേപ്പര്‍ അച്ചടിക്കാതിരിക്കുക വഴി നിരവധി വൃക്‌ഷങ്ങളെ സംരക്‌ഷിച്ചെടുക്കാനായി എന്നത്‌ ശ്രദ്ധേയമായ കാര്യമാണ‌


ടി.വി.സിജു
കേരളകൗമുദി, ഡിസംബര്‍ 29, 2007

1 comment:

cyberspace history said...

ഇ-മെയില്‍, എസ്‌. എം. എസ്‌, വെബ്‌സൈറ്റ്‌ വഴിയുള്ള ഇലക്‌ഷന്‍ പ്രചാരണം തുടങ്ങിയ നിരവധി മാര്‍ഗ്‌ഗങ്ങളിലൂടെ വോട്ടര്‍മാരെ വശത്താക്കാനുള്ള ചെപ്പടി വിദ്യകളുമായി പുറപ്പെട്ടിരിക്കുന്ന രാഷ്‌ട്രീയ കക്‌ഷികളുടെ സാന്നിദ്ധ്യം ഇക്കുറി തിരഞ്ഞെടുപ്പ്‌ രംഗം ആകെപ്പാടെ ഒരു ഉഷാറിലാണെന്ന്‌ തെളിയിക്കുന്നു.