Tuesday, March 9, 2010


സെല്‍ഫോണിന് പെന്‍ടോര്‍ച്ച് ബാറ്ററിയോ!

ലിഥിയം ബാറ്ററിയിലെ ചാര്‍ജ്ജ് തീരുമ്പോള്‍ ഒരു സാധാരണ ബാറ്ററി ഫോണില്‍ ഇട്ടാല്‍ മതി


ഫോണിലെ ചാര്‍ജ് തീര്‍ന്നു; ഇനി വിളിക്കാനാവില്ല. അടുത്ത കടയില്‍ നിന്ന് പെന്‍ ടോര്‍ച്ചില്‍ ഉപയോഗിക്കുന്ന ബാറ്ററി വാങ്ങി ഫോണിലിട്ടോളൂ. മറുതലയ്ക്കല്‍ നിന്ന് പരിഹാസത്തോടെയുള്ള മറുപടി. ഇങ്ങനെയുള്ള ഉത്തരം കേട്ട് ഇനി ആരും ചിരിക്കേണ്ട.
സാധാരണ ബാറ്ററി ഉപയോഗിച്ചും പ്രവര്‍ത്തിക്കുന്ന സെല്‍ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ് ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒലിവ് ടെലികമ്മ്യൂണിക്കേഷന്‍. സാധാരാണക്കാരായ ഗ്രാമീണരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ മൊബൈലിന്റെ വില 1699 രൂപയാണ്. 'ഫോര്‍എവര്‍ ഓണ്‍' എന്ന പേരില്‍ ലഭ്യമായ ഈ ഫോണില്‍ ലിഥിയം അയോണ്‍ ബാറ്ററിക്ക് പുറമെ ട്രിപ്പിള്‍ എ സൈസിലുള്ള ഡ്രൈസെല്‍ ബാറ്ററിയും ഉപയോഗിക്കാനാവും. ലിഥിയം ബാറ്ററിയില്‍ മൂന്നു മണിക്കൂറും സാധാരണ ഡ്രൈസെല്‍ ബാറ്ററിയില്‍ ഒരു മണിക്കൂറും നോണ്‍ സ്റ്റോപ്പ് സംസാരിക്കാനുള്ള ശേഷിയുണ്ട്.
യാത്രയ്ക്കിടെ ഫോണില്‍ ചാര്‍ജ് തീരുമോ എന്നുള്ള ഭയമൊന്നും ഇനി വേണ്ട. ലിഥിയം ബാറ്ററിയിലെ ചാര്‍ജ്ജ് തീരുമ്പോള്‍ ഒരു സാധാരണ ബാറ്ററി ഫോണില്‍ ഇട്ടാല്‍ മതി. തുടര്‍ന്നും സംസാരിക്കാം. ഫോണ്‍ യാത്രയ്ക്കിടെ ചാര്‍ജ്ജ് ചെയ്യാന്‍ സൌകര്യവും സമയവും ലഭിക്കില്ലെന്ന പ്രശ്നത്തിനും ഇതോടെ വിരാമമാവും. പവര്‍കട്ടും വോള്‍ട്ടേജ് കമ്മിയും നിലനില്‍ക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരം സെല്‍ഫോണ്‍ ആളുകളെ ആകര്‍ഷിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നെറ്റ്ബുക്ക്, മോഡം, മൊബൈല്‍ഹാന്‍ഡ്സൈറ്റുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഗുര്‍ഗാവിലെ ഒലിവ് ടെലികമ്മ്യൂണിക്കേഷന്‍സ്.
ബാറ്ററി ചാര്‍ജ്ജ് പെട്ടെന്ന് തീരുന്നത് കൂടുതല്‍നേരം സംസാരിക്കുന്നവര്‍ക്ക് വലിയൊരു അസൌകര്യമായിരുന്നു. ചാര്‍ജ് തീര്‍ന്നാല്‍ ഉപയോഗിക്കാന്‍ പാകത്തില്‍ മറ്റൊരു ഹാന്‍ഡ്സെറ്റോ ബാറ്ററിയോ കൊണ്ടുനടക്കേണ്ട അവസ്ഥയായിരുന്നു. അതിന് പരിഹാരമാവുന്നു പുതിയ ഫോണ്‍. ഒന്നര ഇഞ്ച് വലിപ്പമുള്ള സ്ക്രീനിന് പുറമെ കളര്‍ ഡിസ്പ്ളേയും സ്റ്റീരിയോ സ്പീക്കര്‍ സഹിതമുള്ള എഫ്. എം റേഡിയോയും ഇതില്‍ ഉണ്ട്. ദീര്‍ഘയാത്രയ്ക്കൊരുങ്ങുന്നവര്‍ ഇനി രണ്ടോ മൂന്നോ സാധാരണ ബാറ്ററികള്‍ കൂടി കരുതണം. ടെന്‍ഷനില്ലാതെ സംസാരിക്കാം. ഒലിവ് ടെലികമ്മ്യൂണിക്കേഷന്‍സ് റിസര്‍ച്ച്, മാര്‍ക്കറ്റിംഗ്, സെയില്‍സ് എന്ന്ിവയ്ക്കായി കഴിഞ്ഞ ഡിസംബറില്‍ 461 കോടി രൂപ ഇന്ത്യയില്‍ മുടക്കിക്കഴിഞ്ഞു. 2011ല്‍ നിലവിലുള്ള മാര്‍ക്കറ്റിന്റെ അഞ്ചു ശതമാനം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. പുതിയ സാമ്പത്തിക വര്‍ഷം മൂന്ന് കോടി ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മാസങ്ങള്‍ക്കുള്ളില്‍ റഷ്യയിലും ഇന്തോനേഷ്യയിലും ഒലിവ് തങ്ങളുടെ സാന്നിധ്യം അറിയിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.


- ടി.വി.സിജു

1 comment:

  1. സെല്‍ഫോണിന് പെന്‍ടോര്‍ച്ച് ബാറ്ററിയോ!

    ലിഥിയം ബാറ്ററിയിലെ ചാര്‍ജ്ജ് തീരുമ്പോള്‍ ഒരു സാധാരണ ബാറ്ററി ഫോണില്‍ ഇട്ടാല്‍ മതി

    ReplyDelete