തിരിച്ചറിയല്‍ നമ്പര്‍
പകര്‍ത്തല്‍ വ്യാപകം
മൊബൈല്‍ഫോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നത് ഇനിയൊരറിയിപ്പുവരെ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ടെലികോം സെര്‍വര്‍ അപ്ഡേറ്റ് ചെയ്യുന്നതിനാലാണ് തല്‍ക്കാലം അത് നിര്‍ത്തിയതെന്നാണ് പറയുന്നത്. തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. അന്താരാഷ്ട്ര തിരിച്ചറിയല്‍ നമ്പര്‍ ( ഐ എം ഇ ഐ) ഇല്ലാത്ത ഫോണുകള്‍ ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിരോധിച്ചതാണ്. ഫോണുകള്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനവുമൊരുക്കി. ഒരു സിം കാര്‍ഡ് ഉപയോഗിക്കാവുന്ന ഫോണുകള്‍ക്ക് തിരിച്ചറിയല്‍ രേഖകളും ഫീസിനത്തില്‍ 199 രൂപയും നല്‍കിയാല്‍ അംഗീകൃത ഏജന്‍സികള്‍ വഴി തിരിച്ചറിയല്‍ നമ്പര്‍ ലഭിച്ചിരുന്നു. തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാത്തവരുടെ ഫോണുകള്‍ക്കും അനധികൃത കേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചറിയല്‍ നമ്പറുകള്‍ ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നമ്പര്‍ ക്ളോണിംഗ് എന്ന മറിമായത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഇത്തരം തട്ടിപ്പുനടത്തുന്ന കേന്ദ്രങ്ങളെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം നടത്തിവരികയാണ്. അതോടൊപ്പം സെല്‍ഫോണ്‍ നിര്‍മ്മാണകമ്പനികള്‍ക്ക് അനുവദിച്ച് നല്‍കുന്ന തിരിച്ചറിയല്‍ നമ്പറുകളെക്കാള്‍ കൂടുതല്‍ ഫോണുകള്‍ അതേ കമ്പനിയുടേതായി വിപണിയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഈ മേഖലയുമായി അടുത്ത് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.
ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ്!
കുറ്റവാളികള്‍ ഉപയോഗിച്ച മൊബൈല്‍ഫോണുകളാണ് മിക്ക സംഭവങ്ങളിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. മൊബൈല്‍ സേവനദാതാക്കളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തിയവരുടെ മൊബൈല്‍ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്താണ് പൊലീസ് ഇവരെ കണ്ടെത്തിയിരുന്നത്. എന്നാല്‍ തീവ്രവാദികളും അതോടൊപ്പം അധോലോകസംഘങ്ങളും 'തലതിരിഞ്ഞ' കുറ്റവാളികളും ഉപയോഗിക്കുന്നതോ ഇങ്ങനെ ട്രാക്ക് ചെയ്യാന്‍ പറ്റാത്ത ഫോണുകളും. ഇത്തരം ഫോണില്‍ അന്താരാഷ്ട്ര തിരിച്ചറിയല്‍ നമ്പറില്ലാത്തതുകൊണ്ടാണ് നിരീക്ഷണം സാധ്യമാകാതെ വരുന്നത്. നമ്പര്‍ ക്ളോണിംഗ് വഴിയാണ് ഈ ഫോണുകളൊക്കെ സജീവമാക്കുന്നത്. അതുകൊണ്ടു തന്നെ ഇതേ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിക്കുന്ന മറ്റൊരു ഫോണും നിലവിലുണ്ടാകും. അത് ചിലപ്പോള്‍ നമ്മെ പോലുള്ള നിരപരാധികളുടെ കൈകളിലേതായിരിക്കാം. ചെയ്യാത്ത കുറ്റത്തിന് പൊലീസെത്തി അറസ്റ്റ് ചെയ്തു കൊണ്ടുപോകാന്‍ പിന്നെ അധികസമയമൊന്നും വേണ്ടിവരില്ല. ലോക്കപ്പില്‍ കിടക്കുമ്പോഴും താന്‍ ചെയ്ത കുറ്റം എന്താണെന്നുപോലും ആരും അറിഞ്ഞിട്ടുണ്ടാവില്ല. ഒരേ തിരിച്ചറിയല്‍ നമ്പര്‍ തന്നെ പല ഹാന്‍ഡ് സെറ്റുകള്‍ക്കും പകര്‍ത്തി നല്‍കുന്നതിന്റെ പരിണിതഫലമാണിത്. ഇവിടെ യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെടുകയാണ്. വിലക്കുറവില്‍മയങ്ങി ക്ളോണ്‍ ചെയ്ത തിരിച്ചറിയല്‍ നമ്പറുകള്‍ കരസ്ഥമാക്കുമ്പോള്‍ ഇതൊന്നും നാം ഓര്‍ക്കില്ല.
നമ്പര്‍ ക്ളോണിംഗ്
മൊബൈല്‍ഫോണുകളെ പ്രത്യേകം പ്രത്യേകം വേര്‍തിരിച്ചറിയാന്‍ കഴിയുന്ന ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി (ഐ.എം.ഇ.ഐ) ഇല്ലാത്ത മൊബൈല്‍ഫോണുകളിലേക്കുള്ള സേവനം ഇല്ലാതായതോടെയാണ് വ്യാജന്മാര്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയിട്ടുള്ളത്. ഒരേ തിരിച്ചറിയല്‍ നമ്പര്‍ തന്നെ വ്യത്യസ്ത മൊബൈല്‍ഫോണുകള്‍ക്ക് നല്‍കി ഉപയോക്താക്കളെ 'കുഴിയില്‍ചാടിര്‍ക്കുന്ന' വിദ്യയാണ് ഇവര്‍ ചെയ്യുന്നത്. നമ്പര്‍ ക്ളോണിംഗ് എന്നറിയപ്പെടുന്ന ഈ സംവിധാനത്തിലൂടെ ജീവന്‍ വയ്ക്കുന്ന സെല്‍ഫോണുകള്‍ക്ക് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടാകൂ. മെട്രോസിറ്റികളില്‍ മാത്രമല്ല കുഗ്രാമങ്ങളിലെ മൊബൈല്‍ സര്‍വ്വീസ് സെന്ററുകളില്‍ വരെ നമ്പര്‍ ക്ളോണിംഗ് വ്യാപകമാണ്. തിരിച്ചറിയല്‍ നമ്പര്‍ രേഖപ്പെടുത്തുന്ന കംപ്യൂട്ടര്‍ ഡാറ്റാബേസ് അടുത്ത ദിവസങ്ങളില്‍ പുതുക്കപ്പെടുന്നതോടെ ഈ നമ്പറുകള്‍ വീണ്ടും മിണ്ടാതാകും. വിപണിയില്‍ ലഭ്യമായ സ്പൈഡര്‍മാന്‍, ഇന്‍ഫിനിറ്റി തുടങ്ങിയ മൊബൈല്‍ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ അംഗീകൃതമായ ഒരു അന്താരാഷ്ട്ര തിരിച്ചറിയല്‍ നമ്പര്‍ തന്നെ പല ഹാന്‍ഡ്സെറ്റുകളിലേക്കും പകര്‍ത്തിവയ്ക്കുകയാണ് ഇവിടെ. ക്ളോണ്‍ ചെയ്തതും വ്യാജവുമായ മൊബൈല്‍ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നത് തടയാന്‍ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- ടി.വി.സിജു
കേരള കൌമുദി , ഫ്ളാഷ്
23/12/09
1 comment:
നമ്പര്‍ ക്ളോണിംഗ്
മൊബൈല്‍ഫോണുകളെ പ്രത്യേകം പ്രത്യേകം വേര്‍തിരിച്ചറിയാന്‍ കഴിയുന്ന ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി (ഐ.എം.ഇ.ഐ) ഇല്ലാത്ത മൊബൈല്‍ഫോണുകളിലേക്കുള്ള സേവനം ഇല്ലാതായതോടെയാണ് വ്യാജന്മാര്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയിട്ടുള്ളത്. ഒരേ തിരിച്ചറിയല്‍ നമ്പര്‍ തന്നെ വ്യത്യസ്ത മൊബൈല്‍ഫോണുകള്‍ക്ക് നല്‍കി ഉപയോക്താക്കളെ 'കുഴിയില്‍ചാടിര്‍ക്കുന്ന' വിദ്യയാണ് ഇവര്‍ ചെയ്യുന്നത്.
Post a Comment