'നാളെ ഉരുള്‍ പൊട്ടും... ഒഴിഞ്ഞുപോവുക...'
ഉരുള്‍ പൊട്ടല്‍ പ്രവചിക്കാന്‍
ഇന്ത്യയിലെ ആദ്യ സംവിധാനം മൂന്നാറില്‍
- മുന്നാറിലെ അന്തോണിയാര്‍ കോളനിയില്‍ ആദ്യ സംവിധാനം
- പ്രവചനം ഉരുള്‍പൊട്ടലിന് ഒരു ദിവസം മുമ്പുവരെ
- ഗ്യാസ് ചോര്‍ച്ച, കാട്ടുതീ എന്നിവയ്ക്കും മുന്നറിയിപ്പ്
എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോവുക, നാളെ ഈ ഭാഗത്ത് ഉരുള്പൊട്ടലുണ്ടാവും! അടുത്ത ദിവസം ഇങ്ങനെയൊരു മുന്നറിയിപ്പ് കേട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ഉരുള്‍പൊട്ടല്‍ സാധ്യതാപ്രവചനത്തിനുള്ള ഇന്ത്യയിലെ ആദ്യ വയര്‍ലെസ് സംവിധാനം മുന്നാറിലെ അന്തോണിയാര്‍ കോളനിയില്‍ സ്ഥാപിച്ചു കഴിഞ്ഞു.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐ.എസ്.ആര്.ഒ.) സഹായത്തോടെ അമൃതവിശ്വവിദ്യാപീഠത്തിലെ ഒരുസംഘം വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ ഈ സംരംഭം നടപ്പാക്കിയിരിക്കുന്നത്. പ്രകൃതിക്ഷോഭ പ്രതിരോധത്തിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി യൂറോ
പ്യന്‍ കമ്മിഷന്റെ ധനസഹായത്തോടെയുള്ള \'വിന്സോക്\' പ്രോജക്ടിനു കീഴിലാണ് ഈ പദ്ധതി
യാഥാര്‍ത്ഥ്യമാക്കിയത്.
ഉരുള്‍പൊട്ടല്‍ സാധ്യത പ്രവചിക്കുന്നതിനായി മണ്ണിന്റെ ഈര്‍പ്പം, ചലനം, സ്വഭാവം തുടങ്ങിവയടക്കം വിവിധ ഭൌമാന്തരവിവരങ്ങള് രേഖപ്പെടുത്തും. ഇവ മനസ്സിലാക്കുന്നതിനായി 50 ജിയോളജിക്കല്‍ സെന്‍സറുകളും 20 വയര്‍ലെസ് സെന്‍സര്‍ നോഡുകളുമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതില്‍ ചിലത് ആറ് മീറ്ററോളം ആഴത്തില്‍ കുഴിച്ചിട്ടുണ്ട്. ഇവയില്‍ നിന്നെല്ലാം ലഭിക്കുന്ന വിവരങ്ങള്‍ ഐ. എസ്. ആര്. ഒ.യുടെ വില്ലേജ് റിസോഴ്സ് സെന്റര്‍ സ്റ്റേഷന് വഴി ഉപഗ്രഹത്തിലൂടെ മുന്നാറില്‍ നിന്ന് 252 കിലോമീറ്റര്‍ അകലെയുള്ള അമൃതപുരി കാമ്പസിലാണ് വിശകലനം ചെയ്യാനായി എത്തുക. ഇതില്‍ എന്തെങ്കിലും അപാകതകള്‍ കണ്ടെത്തിയാല്‍ ഉടനെ മുന്നറിയിപ്പ് ലഭിക്കും. 24 മണിക്കൂറുകള്‍ക്ക് മുമ്പെങ്കിലും ഇത്തരത്തില്‍ മുന്നറിയിപ്പ് നല്കാന് കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.
കേന്ദ്ര ഐ.ടി. മന്ത്രാലയത്തിന്റെ സഹായത്തോടെ മൂന്നു മാസത്തിനുള്ളില്‍ ഇതിന്റെ ശേഷി വര്‍ദ്ധിപ്പിക്കും. പ്രവചനകൃത്യത വര്‍ദ്ധിപ്പിക്കാന്‍ അപ്പോഴേക്കും 150 ജിയോളജിക്കല്‍
സെന്‍സറുകളും 25 വയര്‍ലെസ് സെന്‍സര്‍ നോഡുകളും ഉണ്ടായിരിക്കും. രാജ്യവ്യാപകമായി ഉപയോഗിക്കാനുള്ള സാധ്യതയാണ് ഇതുവഴി ഉണ്ടാവുക. ഉരുള്‍പൊട്ടല്‍ സാധ്യത മനസ്സിലാക്കാന്‍ കൊങ്കണ്‍ മേഖലയിലും ഹിമപാതം മനസ്സിലാക്കാന്‍ ഹിമാലയത്തിലുമായി ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന് ഇന്ത്യാ ഗവണ്മെന്റിന്റെ അധീനതയിലുള്ള ഡി.ആര്.ഡി.ഒ.യും ഏറെ താല്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു.
ഉരുള്‍പൊട്ടല്‍, ഗ്യാസ് ചോര്‍ച്ച, കാട്ടുതീ തുടങ്ങിയവകൂടി മുന്‍കൂട്ടി കണ്ട് പരിഹാരം കാണാനുള്ള ഈ പദ്ധതിയ്ക്കായി യൂറോപ്യന്‍ കമ്മിഷന് 35 ലക്ഷം യൂറോയാണ് നീക്കിവെച്ചിരിക്കുന്നത്. എട്ട് രാജ്യങ്ങളില്‍ നിന്നായി 11 പങ്കാളികളുള്ള ഒരു കണ്‍സോര്‍ഷ്യമാണ് ഈ പ്രോജക്ടിലുള്ളത്. അതില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് അമൃത യൂണിവേഴ്സിറ്റിയും ഐ.എസ്.ആര്.ഒ.യുമാണ്. ചെലവില്‍ 60 ശതമാനം യൂറോപ്യന്‍ യൂണിയനും ബാക്കി വിവിധ പങ്കാളികളുമാണ് വഹിക്കുക. ഇന്ത്യയുടെ വിഹിതം രണ്ടര കോടി രൂപയാണ്.
മുന്നാറില്‍ നടപ്പാക്കിയിരിക്കുന്ന ഈ പദ്ധതിയെക്കുറിച്ചറിയുന്നതിനായി റോം യൂണിവേഴ്സിറ്റി, ചെക്ക് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, സ്വിറ്റ്സര്‍ലാന്‍ഡിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധസംഘം അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയിലെത്തിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
ടി.വി.സിജു
(കേരളകൌമുദി,
15/07/09)
2 comments:
എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോവുക, നാളെ ഈ ഭാഗത്ത് ഉരുള്പൊട്ടലുണ്ടാവും! അടുത്ത ദിവസം ഇങ്ങനെയൊരു മുന്നറിയിപ്പ് കേട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല.
എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോവുക, നാളെ ഈ ഭാഗത്ത് ഉരുള്പൊട്ടലുണ്ടാവും
Post a Comment