വിളിക്കാതെ വന്നവര്‍!
ഒരു ദിവസം രാത്രി സമയം. ആംബുലന്‍സ് ചീറി പാഞ്ഞു വരുന്നതിന്റെ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. അത് കൃത്യമായി വീട്ടിലെ പോര്‍ച്ചില്‍ തന്നെ വന്നുനിര്‍ത്തി. വീട്ടിലുള്ളവര്‍ക്ക് ആകെ ആകാംക്ഷയായി. എന്തിനാണ് ഈ ആംബുലന്‍സ് വന്നിരിക്കുന്നത്? വീട്ടിലുള്ളവര്‍ പരസ്പരം നോക്കി. ആര്‍ക്കും ഒന്നും പിടികിട്ടിയില്ല. ആംബുലന്‍സിലുള്ളവര്‍ക്ക് ഇനി വീട് മാറിപ്പോയതോ മറ്റോ ആണോ? ഈ വീട്ടിലുള്ളവര്‍ക്ക് പ്രത്യേകിച്ച് ആര്‍ക്കും അസുഖമൊന്നുമില്ലല്ലോ? ആശുപത്രിയിലേക്കൊന്നും വിളിക്കാതെ പിന്നെ ആംബുലന്‍സ് ചീറിപ്പാഞ്ഞു വന്നതിന്റെ രഹസ്യമാണ് കിട്ടാത്തത്്? എല്ലാവരും അങ്കലാപ്പിലാണ്. ആര്‍ക്കും വാക്കുകളൊന്നും പുറത്തുവരുന്നില്ല. ഒന്നും മനസ്സിലാകാതെ വീട്ടുകാര്‍ പരസ്പരം നോക്കി. അതിനിടയിലാണ് ആംബുലന്‍സില്‍ നിന്ന് ഒരു സംഘം ഇറങ്ങി വന്നത്. ഇവിടെ നിന്ന് ഒരു അടിയന്തിര മെസേജ് കിട്ടിയപ്പോള്‍ ഉടനെ പുറപ്പെടുകയായിരുന്നു - മെഡിക്കല്‍ സംഘം അറിയിച്ചു. ഇവിടെ നിന്നോ? ഏയ്, അങ്ങനെ ആവാന്‍ വഴിയില്ല. ഇവിടെ നിന്ന് ആരും ആശുപത്രിയിലേക്ക് വിളിച്ചിട്ടില്ല. പക്ഷേ, ആശുപത്രിയില്‍ ലഭിച്ച സന്ദേശവും അയച്ചിരിക്കുന്ന മൊബൈല്‍ നമ്പറും മെഡിക്കല്‍ സംഘം വീട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തു. അതെ, ശരിയാണ്. അത് ഈ വീട്ടിലുള്ള നമ്പര്‍ തന്നെ. അപ്പോള്‍ പിന്നെ ആരാ മെസേജ് അയച്ചിരിക്കുന്നത്? വീട്ടിലെ പൊതു ആവശ്യത്തിന് ഉപയോഗിക്കുന്ന സെല്‍ഫോണ്‍ നമ്പറായിരുന്നു അത്. പിന്നീട് മെസേജ് അയച്ചയാളെ കണ്ടെത്താനുള്ള ശ്രമമായിരുന്നു. ഒടുവില്‍ പ്രതിയെ കയ്യോടെ പിടികൂടി. അയച്ചത് മറ്റാരുമല്ല, ഗൃഹനാഥന്‍ കിടന്നുറങ്ങുന്ന സാക്ഷാല്‍ ബെഡ് ഷീറ്റ്! ആശുപത്രിയിലേക്ക് മെസേജ് അയച്ചത് വെറുമൊരു ബെഡ്ഷീറ്റോ? എന്തൊക്കെ വട്ടാണ് ഇയാള്‍ പറയുന്നത്, നിര്‍ത്തൂ എന്ന് പറയുന്നതിന് മുമ്പ് ശാസ്ത്രരംഗത്തെ പുത്തന്‍ സാധ്യതകള്‍ അനുഭവിച്ചറിയുക.
ഒരു കിടക്ക; രണ്ട് തരം നിദ്ര!
സുഖനിദ്ര എന്നത് എല്ലാവരും കൊതിക്കുന്നതാണ്. പക്ഷേ, പലര്‍ക്കും ലഭിക്കുന്നതോ, പകുതിമയക്കവും. പാതിയുറക്കം കഴിഞ്ഞാല്‍ കട്ടിലില്‍ കിടന്ന് ഓരോന്ന് ആലോചിച്ചു തുടങ്ങിക്കോളും. തലപുണ്ണാക്കാന്‍ ഇതില്‍പരം ഒന്നും വേണ്ടല്ലോ? പിന്നെ, നേരംപുലരുന്നുണ്ടോ പുലരുന്നുണ്ടോ എന്ന് നോക്കി കണ്ണടച്ചു കിടക്കും. കുറേ കഴിയുമ്പോള്‍ അലാറാം മുഴങ്ങുകയായി. പിന്നെ ദിനചര്യകളുടെ ഒരു വൃത്തത്തിലാവും നമ്മള്‍. ഇതെല്ലാം കഴിഞ്ഞ് ഉടുത്തൊരുങ്ങി ഓഫീസിലെത്തുമ്പോഴേക്കും ശരിക്കും ഉറക്കംതൂങ്ങി തുടങ്ങും. ഉറക്കച്ചവടും വീട്ടിലെയും ഓഫീസിലെയും കാര്യങ്ങളെപ്പറ്റിയുള്ള ടെന്‍ഷനും കൂടിയാവുമ്പോള്‍ പുതിയ ദിവസവും മടുപ്പ് തന്നെ. ഈയൊരു സമയത്താണ് നിദ്രയുടെ സമവാക്യങ്ങള്‍ തെറ്റിക്കാന്‍ ഹൈടെക് സാങ്കേതികവിദ്യ രംഗത്തെത്തുന്നത്. സാങ്കേതികവിദ്യ നിദ്രയുടെ സ്വപ്നങ്ങളിലും നിറംചാര്‍ത്തി തുടങ്ങി. ഉറങ്ങാന്‍ കിടക്കുമ്പോള്‍, കിടക്ക ഏതൊക്കെ രീതിയില്‍ പ്രതികരിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. പ്രതികരണമോ? മനസ്സിലായില്ല അല്ലേ? ഒരുമിച്ച് കിടന്നുറങ്ങുന്ന ഭാര്യയും ഭര്‍ത്താവും. ഇരുവര്‍ക്കും വ്യത്യസ്ത ഇഷ്ടങ്ങള്‍. ജീവിത പങ്കാളിയില്‍ ഒരാള്‍ക്ക് തണുത്ത കിടക്കയില്‍ തലചായ്ക്കാനാണ് ഇഷ്ടമെങ്കില്‍ മറ്റൊരാള്‍ക്ക് ഇളംചൂടായിരിക്കും താല്പര്യം. കിടക്കയില്‍ പുതച്ചുമൂടി കിടന്നുറങ്ങുകയും വേണം. ഈ വിരുദ്ധ താല്പര്യങ്ങള്‍ പോലും ഒരേസമയം സമ്മതിച്ചുകൊടുക്കാന്‍ അത്യാധുനിക മെത്തകള്‍ അണിയറയില്‍ തയ്യാറായി കഴിഞ്ഞു. ഇതില്‍ പലതും മാര്‍ക്കറ്റിലും ലഭ്യമാണ് താനും. ഒരു കിടക്കയില്‍ ഒരേസമയം തന്നെ ഈ രണ്ട് ഇഷ്ടങ്ങളും സാധ്യമാക്കിയ ശാസ്ത്രം കിടക്ക വിരിപ്പിലും സാധ്യതയുടെ ഇഴകള്‍ തുന്നുകയാണ്. കിടക്കുന്നവരുടെ ഹൃദയതാളം ശ്രദ്ധിക്കും. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനങ്ങള്‍ ശ്രദ്ധിച്ച് ആവശ്യമായ നിര്‍ദ്ദേങ്ങള്‍ ബെഡ്ഷീറ്റുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ വഴിയോ മറ്റ് സൌകര്യങ്ങളുപയോഗിച്ച് ചികിത്സിക്കുന്ന ഡോക്ടറെയോ ആശുപത്രിയിലോ രോഗിയുടെ ബന്ധുക്കളെയോ അറിയിച്ചുകൊണ്ടിരിക്കും. ആദ്യം പറഞ്ഞ ആംബുലന്‍സ് കഥയില്‍ സംഭവിച്ചത് ഇതാണ്. രണ്ട് ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുന്ന ഗൃഹനാഥന്റെ രക്തസമ്മര്‍ദ്ദം പതിവലധികം താഴ്ന്നു. അതുകൊണ്ടാണ് ബെഡ്ഷീറ്റ് അടിയന്തിര സന്ദേശം ആശുപത്രിയിലേക്ക് അയച്ചത്. ഇതെല്ലാം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തിക്കുക. വീട്ടുകാരോ രോഗിയോ പോലും ഇക്കാര്യം അറിയണമെന്നില്ല. അതാണ് ഇവിടെ സംഭവിച്ചതും. രക്തസമ്മര്‍ദ്ദം കുറഞ്ഞുകണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം ഗൃഹനാഥനെ ആശുപത്രിയിലേക്ക് കയ്യോടെ കൊണ്ടുപോയി.
കഥയല്ല; ഇത് യഥാര്‍ത്ഥ്യം
സയന്‍സ് ഫിക്ഷന്‍ സിനിമകളിലും നോവലുകളിലും കണ്ടും കേട്ടും മാത്രം പരിചയമുള്ള പല ആശയങ്ങളും ഇന്ന് പല ഉപകരണങ്ങളുടെ രൂപത്തിലും എത്തിക്കൊണ്ടിരിക്കുകയാണ്. ശയിക്കുന്നവരുടെ ഇഷ്ടമനുസരിച്ച് പ്രതികരിക്കാന്‍ കഴിവുള്ള മെത്ത മുതല്‍ കൂര്‍ക്കംവലി നിയന്ത്രിക്കുന്ന തലയണകള്‍ വരെ ഇവര്‍ക്ക് മുതല്‍ക്കൂട്ടായുണ്ട്. ശരീര വടിവിനനുസരിച്ച് കിടക്കയുടെ ഉയര്‍ച്ച താഴ്ചകളെയും നമുക്ക് അഡ്ജസ്റ്റ് ചെയ്ത് വയ്ക്കാം. ഇതിന് ശരീരത്തിന് പരമാവധി സുഖംപകരുമെന്ന് മാത്രമല്ല, നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്നുമാണ് കിടക്ക ഉല്പാദകരുടെ അവകാശവാദം. കൂര്‍ക്കംവലിക്കാരന്റെ ശത്രുവാണ് ഈ തലയണ. ങുര്‍ര്‍ര്‍ര്‍.... ങുര്‍ര്‍ര്‍... വലി തുടങ്ങുമ്പോഴേക്കും കിടക്ക 'ഞെട്ടിയുണരും'. അതോടെ തലയണയിലെ സെന്‍സറുകള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. പിന്നെ ആവശ്യമായ ക്രമീകരണങ്ങള്‍ താനെ നടത്തും. ശ്വാസഗതി ശരിയാകുന്നതു വരെ തലയണയുടെ ഉയരം സ്വയം ക്രമീകരിച്ചുതുടങ്ങും. അതോടെ കൂര്‍ക്കംവലി പടിക്ക് പുറത്ത്. കൂടെ കിടക്കുന്നവര്‍ക്ക് പരമാനന്ദവും. അല്ലെങ്കില്‍ അയാളുടെ കൂര്‍ക്കംവലി കാരണം മറ്റേയാള്‍ക്ക് തീരെ ഉറങ്ങാനേ ആവില്ലായിരുന്നു. കൂര്‍ക്കംവലിക്കാരന്റെ തലയണയ്ക്കുള്ളിലാണ് ഇതിനുള്ള തന്ത്രങ്ങള്‍ ഒപ്പിച്ചുവച്ചിട്ടുള്ളത്.
പാട്ടുപാടുന്ന കട്ടില്‍
ഉറക്കം വരുന്നതിന് മുമ്പ് പാട്ട് ആസ്വദിക്കുന്നതിന് കട്ടിലിന്റെ നാല് മൂലയിലും സ്പീക്കര്‍ സംവിധാനത്തോടെയുള്ള കാലുകളാണ് ഉറപ്പിച്ചിരിക്കുന്നത്. സിനിമ കാണുന്നതിനും കട്ടിലിനോടനുബന്ധിച്ച് സൌകര്യമൊരുക്കിയിട്ടുണ്ട്. തല വയ്ക്കുന്ന ഭാഗത്തിന് നേര്‍ എതിര്‍വശത്തായി ചുമരില്‍ ഇതിനുള്ള എല്‍.സി. ഡി. മോണിറ്റര്‍ തൂക്കിയിരിക്കും. ഇതിന് കട്ടിലിലെ മൂവിപ്ളെയര്‍ സംവിധാനവുമായി വയര്‍ലെസ് സംവിധാനം വഴി ബന്ധമുണ്ടാവും. ചുവരിലെ ഈ സ്ക്രീന്‍ തന്നെയാണ് കട്ടിലിരുന്നോ കിടന്നോ ഇന്റര്‍നെറ്റ് സൌകര്യം ഉപയോഗിക്കുമ്പോഴും പ്രയോജനപ്പെടുത്തുന്നത്. ഒന്നര ടെറാബൈറ്റ് ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക്കും കട്ടിലിന്റെ മൂലയിലെവിടയോ ഉറപ്പിച്ചിട്ടുണ്ടാവും. നമുക്ക് ആവശ്യമുള്ള മിക്ക ചലച്ചിത്രങ്ങളും പാട്ടുകളുമൊക്കെ ഈ ഹാര്‍ഡ്ഡിസ്ക്കില്‍ ഉള്‍ക്കൊള്ളിക്കാന്‍ യാതൊരു പ്രയാസവുമില്ല. ഇങ്ങനെ ഹൈടെകിന്റെ അങ്ങേത്തലയുള്ള ഈ കട്ടില്‍ ലഭിക്കണമെങ്കില്‍ കുറച്ചു തുകയൊന്നും മുടക്കിയാല്‍ പോര. 20,000 - 50,000 ഇടയില്‍ അമേരിക്കന്‍ ഡോളര്‍ നല്‍കണം. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ കുറഞ്ഞ തുക ഏകദേശം 10 ലക്ഷത്തോളം വരും. ഉറങ്ങാന്‍ പോകുമ്പോള്‍ കിടക്കയില്‍ ഏത് ഭാഗത്ത് കിടക്കണമെന്ന് ആദ്യം അങ്ങ് തീരുമാനിക്കുക.
- ടി.വി.സിജു
(തേജസ്, ജൂണ്‍ 22)
1 comment:
സാങ്കേതികവിദ്യ നിദ്രയുടെ സ്വപ്നങ്ങളിലും നിറംചാര്‍ത്തി തുടങ്ങി. ഉറങ്ങാന്‍ കിടക്കുമ്പോള്‍, കിടക്ക ഏതൊക്കെ രീതിയില്‍ പ്രതികരിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.
Post a Comment