Wednesday, January 30, 2008

ടിം ബെര്‍ണേഴ്‌സ്‌ ലീ - വെബിന്റെ പിതാവ്‌

ഇന്റര്‍നെറ്റ്‌ എന്നാല്‍ വേള്‍ഡ്‌ വൈഡ്‌ വെബ്‌ എന്നാണ്‌ പലരുടെയും ധാരണ. അത്രമാത്രം താദാത്‌മ്യം ഇവയ്‌ക്ക്‌ രണ്ടിനുമുണ്ട്‌. ഇത്‌ രണ്ടും രണ്ടാണെങ്കിലും ഇന്റര്‍നെറ്റിന്റെ അവിഭാജ്യ ഘടകമായി വേള്‍ഡ്‌ വൈഡ്‌ വെബ്‌ മാറിയിരിക്കുകയാണ്‌. ആകര്‍ഷകമായ ചിത്രരൂപങ്ങളില്‍ അക്‌ഷരങ്ങള്‍ക്ക്‌ പുറമെ ശബ്‌ദ, ചിത്ര, ചലച്ചിത്ര അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്ന, ലോകത്തിലെ വിവിധ കംപ്യൂട്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന, പരസ്‌പരം ബന്‌ധിപ്പിക്കപ്പെട്ടിരിക്കുന്ന, പങ്കാളിത്ത സ്വഭാവമുള്ള, തിരഞ്ഞെടുക്കാന്‍ സാധ്യമായ ഒരു വമ്പന്‍ വിജ്‌ഞാന, വിനോദ, വിവരശേഖരമാണ്‌ വേള്‍ഡ്‌ വൈഡ്‌ വെബ്‌.
ഇന്റര്‍നെറ്റിന്റെ മുന്നിലിരിക്കുമ്പോള്‍ നിര്‍ബന്‌ധമായും നാം ഓര്‍ക്കേണ്ട പേരാണ്‌ ടിം ബെര്‍ണേഴ്‌സ്‌ ലീയുടേത്‌. വേള്‍ഡ്‌ വൈഡ്‌ വെബ്‌ എന്ന ആശയം ആവിഷ്‌ക്കരിച്ച മഹാനാണ്‌ ഇദ്ദേഹം.
ഗണിതശാസ്‌ത്രാധ്യാപകരായ കോണ്‍വെ ബെര്‍ണേഴ്‌സ്‌ ലീയുടെയും മേരി ലീ വുഡ്‌സിന്റെയും മകനായി 1955 ജൂണ്‍ 8ന്‌ ലണ്ടനില്‍ ജനിച്ചു.
ടിമോത്തി ബെര്‍ണേഴ്‌സ്‌ ലീ എന്ന്‌ മുഴുവന്‍ പേരുള്ള ടിം ബേര്‍ണേഴ്‌സ്‌ ലീ 1976ല്‍ ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഫിസിക്‌സില്‍ ബിരുദം നേടി. ക്യൂന്‍സ്‌ കോളേജില്‍ ബിരുദത്തിനായി പഠിക്കുമ്പോള്‍ ടിം ഒരു കംപ്യൂട്ടര്‍ സ്വന്തമായി നിര്‍മ്മിച്ചു. പഠനത്തിനിടെ ടിമ്മിന്‌ യൂണിവേഴ്‌സിറ്റിയുടെ കംപ്യൂട്ടര്‍ ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ചു - കാരണമെന്തെന്നല്ലേ? ഒരു സുഹൃത്തുമായി കൂട്ടുചേര്‍ന്ന്‌ യൂണിവേഴ്‌സിറ്റി കംപ്യൂട്ടര്‍ ഉപയോഗിച്ച്‌ ഹാക്കിംഗ്‌ നടത്തിയതിന്‌.
പഠിക്കുമ്പോള്‍ കണ്ടുമുട്ടിയ ജെനിയെ ജീവിതസഖിയാക്കിയ ടിം ബിരുദ പഠനത്തിന്‌ ശേഷം പ്‌ളെസ്സി കണ്‍ട്രോള്‍സ്‌ ലിമിറ്റഡില്‍ പ്രോഗ്രമറായി ചേര്‍ന്നു. ഭാര്യയും ഇതേ കമ്പനിയില്‍ ലീയോടൊപ്പം ഉണ്ടായിരുന്നു. 1978ല്‍ ഡി.ജി. നാഷ്‌ കമ്പനിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ടൈപ്പ്‌സെറ്റിംഗിന്‌ വേണ്ടിയുള്ള സോഫ്‌റ്റ്‌വെയര്‍ ഉണ്ടാക്കി. ഇവിടെ അധികകാലം ടിം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ടിം ബേര്‍ണേഴ്‌സ്‌ ലീയ്‌ക്ക്‌ നില്‌ക്കാനായില്ല. തുടര്‍ന്ന്‌ യൂറോപ്യന്‍ പാര്‍ട്‌ക്കിള്‍ ഫിസിക്‌സ്‌ ലബോട്ടറിയില്‍ താല്‌ക്കാലികാടിസ്‌ഥാനത്തില്‍ ജോലിക്ക്‌ കയറി. കാലാവധി അവസാനിച്ചതോടെ 1981 മുതല്‍ 84 വരെ സാങ്കേതിക രൂപകല്‌പനയുമായി ബന്‌ധപ്പെട്ട്‌ ഇമേജ്‌ കംപ്യൂട്ടര്‍ സിസ്‌റ്റംസ്‌ ലിമിറ്റഡില്‍ ജോലി ചെയ്‌ത ടിം 1984ല്‍ ഫെലോഷിപ്പോടെ പാര്‍ട്ടിക്കിള്‍ ഫിസിക്‌സ്‌ ലബോറട്ടറിയില്‍ - സേണ്‍ (CERN), വീണ്ടും തിരിച്ചെത്തുകയായിരുന്നു. കണ്‍സള്‍ട്ടന്റ്‌ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയര്‍ എന്ന തസ്‌തികയിലായിരുന്നു നിയമനം. ഡിസ്‌ട്രിബ്യൂട്ടഡ്‌ റിയല്‍ ടൈം സിസ്‌റ്റവുമായി ബന്‌ധപ്പെട്ട ജോലികളായിരുന്നു ഇവിടെ ചെയ്യേണ്ടിയിരുന്നത്‌. അവിടെ വച്ച്‌ ?എന്‍ക്വയര്‍' എന്ന പ്രോഗ്രാമിന്‌ രൂപം നല്‍കി. ഇത്‌ തികച്ചും സ്വകാര്യ ആവശ്യത്തിനു വേണ്ടിയായിരുന്നു അന്ന്‌ ടിം തയ്യാറാക്കിയത്‌. ഈയൊരു പ്രോഗ്രാമാണ്‌ പിന്നെ വേള്‍ഡ്‌ വൈഡ്‌ വെബ്‌ അല്ലെങ്കില്‍ ഡബ്‌ള്യു. ഡബ്‌ള്യു. ഡബ്‌ള്യു എന്ന ഇന്റര്‍നെറ്റ്‌ മാന്ത്രികവിദ്യയ്‌ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ഇന്റര്‍നെറ്റിലൂടെയുള്ള പര്യവേക്‌ഷണം അനായാസം നടത്താന്‍ കഴിയുന്ന രൂപത്തില്‍ ദൃശ്യ - ശ്രാവ്യ സംവിധാനങ്ങളോടെ അണിയിച്ചൊരുക്കിയ പദ്ധതിയാണിത്‌. വെബിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ലീ തൊണ്ണൂറുകളുടെ തുടക്കത്തിലാണ്‌ ഈ ആശയം മുന്നോട്ടുവയ്‌ക്കുന്നത്‌.
സേണില്‍, പ്രവര്‍ത്തിക്കുമ്പോഴാണ്‌ വേള്‍ഡ്‌ വെഡ്‌ വെബിന്റെ പ്രാക്‌രൂപം തയ്യാറാക്കുന്നത്‌. എന്‍ക്വയര്‍ എന്ന്‌ പേരിട്ട ഈ പ്രോഗ്രാം സേണില്‍ നടക്കുന്ന പ്രോജക്‌ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അവിടെയുള്ള ഗവേഷകര്‍ക്ക്‌ അന്യോന്യം കൈമാറാന്‍ കെല്‌പുള്ളതായിരുന്നു. ഇത്‌ സേണിന്റെ ആവശ്യത്തിന്‌ മാത്രം തയ്യാറാക്കിയ ഒന്നായിരുന്നു.
1984ല്‍ സേണിലേക്ക്‌ മടങ്ങിയെത്തിയ ടിമ്മിന്‌ മുന്നില്‍ മറ്റൊരു ആശയം തെളിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഗവേഷണ വിവരങ്ങളും പ്രോഗ്രാമുകളും സേണിലെ ഗവേഷകര്‍ക്കായി എത്തിക്കാനും ഇവര്‍ക്ക്‌ അത്‌ അന്യോന്യം കൈമാറാനുമുള്ള ഒരു പദ്ധതിയായിരുന്നു ലീയുടെ മനസ്സിലുണ്ടായിരുന്നത്‌. ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഗവേഷകര്‍ക്ക്‌ ലഭിച്ചത്‌ പുതിയ വിവരങ്ങളായിരുന്നു. ലോകത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ നടക്കുന്ന ഗവേഷണ വിവരങ്ങള്‍ ലഭിക്കാന്‍ അന്ന്‌ മാസങ്ങളും വര്‍ഷങ്ങളും ചിലയവസരങ്ങളില്‍ എടുത്തിരുന്നു. കാരണം പ്രോജക്‌ടിന്റെ വിവരങ്ങള്‍ അച്ചടിച്ചിറങ്ങുന്ന മാസികകളും വാര്‍ഷികപ്പതിപ്പുകളും മാത്രമായിരുന്നു ഇതിനു മുമ്പ്‌ വിവരങ്ങളറിയാന്‍ ആശ്രയിക്കാനുണ്ടായിരുന്നത്‌. ഈ പദ്ധതി ഫലപ്രാപ്‌തിയിലെത്തുമെന്ന്‌ ഉറപ്പായപ്പോള്‍ ലീ സേണിന്‌ മുമ്പാകെ 1989ല്‍ ഒരു പ്രോജക്‌ട്‌ നിര്‍ദ്ദേശം സമര്‍പ്പിച്ചു. പക്‌ഷേ, അതിന്‌ മറുപടിയൊന്നും ലഭിച്ചില്ല. എങ്കിലും നിരാശാകാനാതെ തന്റെ ലക്‌ഷ്യത്തിലേക്ക്‌ നടന്നുനീങ്ങുകയായിരുന്നു.
വെബില്‍ നിന്ന്‌ വിവരങ്ങള്‍ ഉപയോക്താവിനു ലഭിക്കാനുള്ള ബ്രൗസര്‍ സോഫ്‌റ്റ്‌വെയറും (വേള്‍ഡ്‌ വൈഡ്‌ വെബ്‌) വെബ്‌ സെര്‍വ്വര്‍ സോഫ്‌റ്റ്‌വെയറും (Hyper Text Transfer Protocol Daemon) തയ്യാറാക്കി 1991ല്‍ ഇന്റര്‍നെറ്റിലെത്തിച്ചു. ഇതിന്റെ സവിശേഷതകള്‍ ഉപയോക്താക്കള്‍ ന്യൂസ്‌ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. ഗവണ്‍മെന്റ്‌ ഏജന്‍സികളും വെബിനെ പ്രതീക്‌ഷയോടെ നോക്കിക്കൊണ്ടിരുന്ന കാലമായിരുന്നു അത്‌. തുടര്‍ന്ന്‌ ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ മൊസൈക്‌, നെറ്റ്‌സ്‌കേപ്പ്‌ നാവിഗേറ്റര്‍, ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്‌ളോറര്‍ എന്നിവ രംഗപ്രവേശം ചെയ്‌തത്‌.
വെബ്‌സൈറ്റുകള്‍ എളുപ്പത്തില്‍ തയ്യാറാക്കാനായി വികസിപ്പിച്ച ഹൈപ്പര്‍ ടെക്‌സ്‌റ്റ്‌ മാര്‍ക്ക്‌ അപ്‌ ലാംഗ്വേജ്‌ ഉപയോഗിച്ച്‌ വിവരങ്ങളും ചിത്രങ്ങളുമെല്ലാം മനോഹരമായി സന്നിവേശിപ്പിക്കുകയും അതിനു ശേഷം യൂണിവേഴ്‌സല്‍ റിസോഴ്‌സ്‌ ലൊക്കേറ്റര്‍ (യു. ആര്‍. എല്‍) എന്ന സങ്കേതത്തിലൂടെ ഇത്തരം വെബ്‌പേജുകളെ പ്രത്യേകം വിലാസങ്ങള്‍ നല്‍കി സെര്‍വ്വറുകളില്‍ പ്രതിഷ്‌ഠിക്കുകയും, ലോകത്തെമ്പാടുമുള്ള ശൃംഖലകളില്‍ നിന്ന്‌ വിവരങ്ങള്‍ ലഭിക്കാനുള്ള എച്ച്‌.ടി.ടി.പി നിബന്‌ധനകള്‍ സജ്‌ജമാക്കുകയും ചെയ്‌തപ്പോഴാണ്‌ വേള്‍ഡ്‌വൈഡ്‌ വെബ്‌ എന്ന മാന്ത്രിക വല ഇന്റര്‍നെറ്റിന്‌ പ്രിയങ്കരിയായത്‌. വെബിനാവശ്യമായ നിബന്‌ധനകളും രീതികളുമാവിഷ്‌ക്കരിച്ച്‌ വേള്‍ഡ്‌ വൈഡ്‌ വെബ്‌ കണ്‍സോര്‍ഷ്യം (ഡബ്‌ള്യു 3 സി) 1994ല്‍ സ്‌ഥാപിച്ചതും ലീ തന്നെ.
ലാഭേച്‌ഛയില്ലാതെ, സാങ്കേതികവിദ്യ സാധാരണക്കാരനു പ്രയോജനപ്പെടാനായി എന്നും കഠിനാദ്ധ്വാനം ചെയ്യാറുള്ള ലീ ഇവയുടെ ഒന്നിന്റെയും പേറ്റന്റ്‌ കരസ്‌ഥമാക്കിയിരുന്നില്ല. സ്വന്തമാക്കിയിരുന്നുവെങ്കില്‍ ഒരു പക്‌ഷേ, ഇന്റര്‍നെറ്റിന്റെ തന്നെ അധിപന്‍ എന്ന രീതിയില്‍ മുന്നേറാനുള്ള ഒരവസരമായിരുന്നു അത്‌. വേള്‍ഡ്‌ വൈഡ്‌ വെബ്‌ എന്നത്‌ ലീയുടെ മാത്രം ആശയമായിരുന്നു. വിവര വിനിമയ വിപ്‌ളവ ചരിത്രത്തില്‍ ലീയെ വ്യത്യസ്‌തനാക്കുന്നതും ഈയൊരു വ്യക്തിപ്രഭാവം തന്നെ.
ഇന്റര്‍നെറ്റിന്റെ വളര്‍ച്ച ലക്‌ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഡബ്‌ള്യു 3 കണ്‍സോര്‍ഷ്യം ഡയറക്‌ടറായ ലീ, മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ ഗവേഷണ പ്രവത്തനങ്ങളിലും ഇപ്പോള്‍ സജീവമാണ്‌. ടൈം മാഗസിന്‍ 1999ല്‍ പോയ നൂറ്റാണ്ടിനെ സ്വാധീനിച്ച നൂറു പ്രമുഖരിലൊരാളായി ബെര്‍ണേഴ്‌സ്‌ ലീയെ തിരഞ്ഞെടുത്തിരുന്നു. പേറ്റന്റുകള്‍ സ്വന്തമാക്കിയില്ലെങ്കിലും ഇന്റര്‍നെറ്റിലെ മികച്ച സേവനങ്ങള്‍ ലോകത്താകമാനം എത്തിക്കുന്നതില്‍ ദത്തശ്രദ്ധ കാട്ടിയ ലീ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്കിടയിലെ മറക്കാനാവാത്ത അദ്ധ്യായമാണ്‌. മസാച്ചുസെറ്റ്‌സില്‍ കുടുംബസമേതം കഴിയുന്ന ലീ ഇപ്പോഴും ഇന്റര്‍നെറ്റുമായി ബന്‌ധപ്പെട്ട്‌ നടക്കുന്ന കാര്യങ്ങളില്‍ സൂക്‌ഷ്‌മ നിരീക്‌ഷണം നടത്തിവരുന്നു. വെബിന്റെ സ്വാതന്ത്ര്യം പരമ പ്രധാനമാണെന്നു വിശ്വസിക്കുന്ന ബെര്‍ണേഴ്‌സ്‌ ലീ പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ 1999ല്‍ പ്രസിദ്ധീകരിച്ച വീവിംഗ്‌ ദി വെബ്‌'.

അവാര്‍ഡുകള്‍:
വേള്‍ഡ്‌ വൈഡ്‌ വെബിന്റെ പ്രവര്‍ത്തനവുമായി ബന്‌ധപ്പെടുത്തിയ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ബഹുമതികള്‍ ഒരു യോഗ്യതയായി കരുതിയിരുന്നില്ലെങ്കിലും അദ്ദേഹത്തെ തേടിയെത്തിയ ബഹുമതികളില്‍ ഇത്‌ ചിലതുമാത്രം. യംഗ്‌ ഇന്നോവേറ്റര്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ - കില്‍ബി ഫൗണ്ടേഷന്‍, എ.സി. എം. സോഫ്‌റ്റ്‌വെയര്‍ സിസ്‌റ്റം അവാര്‍ഡ്‌, ബ്രിട്ടീഷ്‌ കംപ്യൂട്ടര്‍ അക്കാദമി ഫെലോഷിപ്പ്‌ (1995), ഐ. ഇ. ഇ. ഇ. കംപ്യൂട്ടേഴ്‌സ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍സ്‌ അവാര്‍ഡ്‌, ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ കൊളംബസ്‌ പ്രൈസ്‌ (1997), ചാള്‍സ്‌ ബാബേജ്‌ അവാര്‍ഡ്‌, മൗണ്ട്‌ ബാറ്റണ്‍ മെഡല്‍ ഓഫ്‌ നാഷണല്‍ ഇലക്‌ട്രോണിക്‌സ്‌ കൗണ്‍ില്‍ (1998), വേള്‍ഡ്‌ ടെക്‌നോളജി അവാര്‍ഡ്‌ (1999), ജോര്‍ജ്‌ സ്‌റ്റിബിറ്റ്‌സ്‌ കംപ്യൂട്ടര്‍ പയനിയര്‍ അവാര്‍ഡ്‌, ഇലക്‌ട്രോണിക്‌ ഫ്രീഡം ഫൗണ്ടേഷന്‍സ്‌ പയനിയര്‍ അവാര്‍ഡ്‌ (2000), റോയല്‍ സൊസൈറ്റി ഫെലോഷിപ്പ്‌ (2001), ജപ്പാന്‍ പ്രൈസ്‌ (2002), മില്ലേനിയം ടെക്‌നോളജി പ്രൈസ്‌ (2004), കോമണ്‍വെല്‍ത്ത്‌ അവാര്‍ഡ്‌ - മാസ്‌ കമ്മ്യൂണിക്കേഷന്‍ (2005), ലൗലേസ്‌ മെഡല്‍, എം. ഐ.ടി. ലീഡര്‍ഷിപ്പ്‌ അവാര്‍ഡ്‌ (2007).
സതേണ്‍ക്രോസ്‌ യൂണിവേഴ്‌സിറ്റി, ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കൊളംബിയ യൂണിവേഴ്‌സിറ്റി, ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റി, പോര്‍ട്ട്‌ എലിസബത്ത്‌ യൂണിവേഴ്‌സിറ്റി, ലങ്കാസ്‌റ്റര്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയിവിടങ്ങളില്‍ നിന്നുള്ള ഹോണററി ബിരുദങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്‌.

1 comment:

cyberspace history said...

ഇന്റര്‍നെറ്റിന്റെ മുന്നിലിരിക്കുമ്പോള്‍ നിര്‍ബന്‌ധമായും നാം ഓര്‍ക്കേണ്ട പേരാണ്‌ ടിം ബെര്‍ണേഴ്‌സ്‌ ലീയുടേത്‌. വേള്‍ഡ്‌ വൈഡ്‌ വെബ്‌ എന്ന ആശയം ആവിഷ്‌ക്കരിച്ച മഹാനാണ്‌ ഇദ്ദേഹം.