Tuesday, March 25, 2008

ആത്‌മഹത്യയുടെ സൈബര്‍ `വല' മുറുകുമ്പോള്‍....

ഇന്റര്‍നെറ്റ്‌ വഴി വിവാഹിതരാകാം, സുഹൃത്തുക്കളെ നേടാം, അവധിക്കാലം പ്‌ളാന്‍ ചെയ്യാം, പഠിക്കാം, കളിക്കാം...... എന്തെല്ലാം കാര്യങ്ങളാണ്‌ ചെയ്യാനുണ്ടായിരുന്നത്‌. അത്‌ ഇപ്പോഴും തുടരുകയും ചെയ്യുന്നു. എന്നാല്‍ അതിനുമപ്പുറത്ത്‌ അതിന്റെ കരാളഹസ്‌തങ്ങളും നീളുകയാണ്‌- മരണത്തിന്റെ കാണാ കയങ്ങളിലേക്ക്‌ മുങ്ങാന്‍ കാത്തിരിക്കുന്ന സംഘങ്ങള്‍ക്ക്‌ ഒന്നിക്കാന്‍.
ഇന്റര്‍നെറ്റ്‌ വഴി പരിചയപ്പെട്ട്‌ കല്ല്യാണം നടത്തുന്നത്‌ വാര്‍ത്തയല്ലാതാവുകയാണ്‌- പകരം മരണമാണ്‌ വാര്‍ത്ത. ജപ്പാനിലാണ്‌ ഈ സ്‌ഥിതി വിശേഷം കൂടുതലും. തനിച്ച്‌ ആത്‌മഹത്യ ചെയ്യാന്‍ മടി കാണിക്കുന്നവര്‍ ഇന്റര്‍നെറ്റ്‌ വഴി ബന്‌ധപ്പെട്ട്‌ തങ്ങളുടെ `സഹയാത്രികരാകാന്‍' കൊതിക്കുന്നവര്‍ക്കായി കാത്തിരിക്കുകയാണ്‌. ഇതിനായി 24 മണിക്കൂറും സേവനം ചെയ്യാന്‍ വെബ്‌സൈറ്റുകളും തയ്യാറായിട്ടുണ്ട്‌. കറുത്ത പശ്‌ചാത്തലത്തില്‍ കംപ്യൂട്ടറില്‍ തെളിയുന്ന ഇവയ്‌ക്ക്‌ ചോരയുടെ മണമാണ്‌. ഇത്തരം വെബ്‌സൈറ്റുകള്‍ സമൂഹത്തിന്റെ ആണിക്കല്ലിളക്കിക്കൊണ്ടുള്ള സേവനത്തിന്റെ പാതയിലാണ്‌.
ഒരേ താല്‍പര്യമുള്ളവരെ കണ്ടെത്തി ഒന്നിച്ചിരുന്ന്‌ ഭക്‌ഷണം കഴിച്ച്‌, ആടി.... പാടി.... പിന്നെ സുദീര്‍ഘമായ നിദ്രയിലേക്ക്‌ - മരണത്തിലേക്ക്‌. അതാണ്‌ അവരുടെ പരിപാടി. അവര്‍ ലക്‌ഷ്യം വയ്‌ക്കുന്നതും ഒരു സംഘത്തിന്റെ ഒന്നിച്ചുള്ള കൂടുമാറ്റത്തെ. ജീവിത പ്രാരാബ്‌ധങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ വ്യഗ്രതയുള്ള ചെറുപ്പക്കാര്‍ക്ക്‌ മരണത്തിന്റെ ഗന്‌ധമുള്ള ഇത്തരം വെബ്‌സൈറ്റുകള്‍ അത്താണിയാവുകയാണ്‌.
ആത്‌മഹത്യയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണ സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ കണ്ടേക്കാമെങ്കിലും അതിനാക്കാളേറെ ആളുകള്‍ സന്ദര്‍ശിക്കുന്നത്‌ മരണത്തിന്റെ ഈ വഴിക്ക്‌ തന്നെ. ഇന്റര്‍നെറ്റിലൂടെ ഒറ്റരാത്രി കൊണ്ട്‌ വളരുന്ന സൗഹൃദം ആത്‌മഹത്യയിലേക്ക്‌ എത്തുമ്പോഴേക്കും നാടും നഗരവും മാറിയിട്ടുണ്ടാവും. തൊണ്ണൂറുകളുടെ അവസാനം മുതല്‍ ഇന്റര്‍നെറ്റ്‌ വഴിയുള്ള ആത്‌മഹത്യകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത്‌ ഇപ്പോഴാണ്‌ വ്യാപകമായത്‌. ജപ്പാനിലാണ്‌ ഇതിന്റെ നിരക്ക്‌ ഏറിയിരിക്കുന്നത്‌. ജപ്പാനില്‍ വര്‍ദ്ധിച്ചുവരുന്ന ഈ പ്രവണത മറ്റ്‌ രാജ്യങ്ങള്‍ക്കും ഒരു ഭീഷണിയായി മാറിയിട്ടുണ്ട്‌.
ആത്‌മഹത്യയ്‌ക്ക്‌ പ്രേരിപ്പിക്കുന്നത്‌ ഇന്റര്‍നെറ്റിലെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളാണെന്ന്‌ ജപ്പാനിലെ ഭൂരിപക്‌ഷവും വിശ്വസിക്കുന്നു. ഇത്തരം സൈറ്റുകളിലൂടെ അതിന്റെ ചാറ്റ്‌ റൂമിലേക്ക്‌ കടന്നാല്‍ മരണാശംസകളുടെ മഹാപ്രവാഹമാണ്‌. എളുപ്പം എങ്ങനെ ജീവനൊടുക്കാം, മരിക്കാന്‍ ഏറ്റവും റിസ്‌ക്‌ കുറഞ്ഞ സ്‌ഥലവും സാഹചര്യവും ദൃശ്യങ്ങളും വിവിധതരം വിഷ വസ്‌തുക്കളെക്കുറിച്ചുള്ള വിവരങ്ങളും അവയ്‌ക്കുള്ള വിലയുടെ വിവരവും ആകുമ്പോള്‍ ഏതൊരു ചഞ്ചലചിത്തനും തോന്നും ഒന്ന്‌ ആത്‌മഹത്യ ചെയ്‌താലോ എന്ന്‌. സൈറ്റിലെ അപകടകരങ്ങളായ ഉള്ളടക്കത്തെക്കുറിച്ച്‌ തങ്ങള്‍ക്കുള്ള ഉത്തരവാദിത്തം നിഷേധിച്ചുകൊണ്ടുള്ള ഒരു കുറിപ്പ്‌ വെബ്‌സൈറ്റില്‍ താഴെ ചെറിയ അക്‌ഷരത്തില്‍ കുറിക്കുന്നതോടെ വെബ്‌സൈറ്റിലെത്തുന്ന ഓരോ ഇരയും അതില്‍ കിടന്ന്‌ പിടയും.
ആത്‌മഹത്യ ചെയ്യുമ്പോഴുണ്ടാകുന്ന വേദന, ജയിക്കാനുള്ള സാദ്ധ്യത, മറ്റുള്ളവര്‍ കണ്ടുപിടിക്കാനുള്ള സാദ്ധ്യത എന്നിങ്ങനെ വിവിധ ഗ്രേഡിംഗ്‌ ഇത്തരം വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതില്‍ ഏത്‌ വേണമെങ്കിലും `ഉപയോക്താ'വിന്‌ തിരഞ്ഞെടുക്കാം.
മരണം മുന്‍കൂട്ടി കണ്ട്‌ നടത്തുന്ന ഓരോ ചുവടു വയ്‌പിനും ആധുനിക ടെക്‌നോളജി കൂട്ടുനില്‍ക്കുന്നുണ്ട്‌. മരിക്കാനായി ഉറക്കഗുളികള്‍ കഴിച്ച്‌ കാറിനകത്ത്‌ ജനല്‍ ഗ്‌ളാസ്സുകളെല്ലാം വളരെ ഭദ്രമായി അടച്ച്‌ അതില്‍ കല്‍ക്കരി അടുപ്പും കത്തിച്ച്‌ ഇരിക്കുന്നയാള്‍ തന്റെ സെല്‍ഫോണില്‍ സ്‌നേഹിതന്റെ പേര്‍ക്കുള്ള ആത്‌മഹത്യാക്കുറിപ്പ്‌ തയ്യാറാക്കുകയാവും. അത്‌ തന്റെ മരണ ശേഷം സുഹൃത്തിന്‌ ലഭിക്കാന്‍ പാകത്തില്‍ സെല്‍ഫോണില്‍ ക്രമീകരണം നടത്താനും ബുദ്ധിമാനായ ആത്‌മഹത്യക്കാരന്‍ കണിശക്കാരനാണ്‌. അതല്ലെങ്കില്‍ കാര്യങ്ങളെല്ലാം കത്തിലെഴുതി അതോടൊപ്പം വീട്ടിന്റെയും മറ്റും താക്കോല്‍ അടക്കം കൊറിയര്‍ വഴി വീട്ടുകാരുടെ പേരിലയച്ച ശേഷമായിരിക്കും ഇതുപോലുള്ള പ്രക്രിയ തുടങ്ങുക. കത്ത്‌ പിറ്റേ ദിവസം വീട്ടുകാരുടെ പക്കല്‍ എത്തുമ്പോഴേക്കും ഇവിടെ അയാളുടെ കഥ കഴിഞ്ഞിരിക്കും.
പ്രണയ നൈരാശ്യം മൂലം കഴിഞ്ഞ വര്‍ഷം ആത്‌മഹത്യ ചെയ്‌ത ഗ്രീക്ക്‌ യുവാവിന്‌ ആത്‌മഹത്യ ചെയ്യേണ്ടതെങ്ങനെയെന്ന്‌ ഇന്റര്‍നെറ്റിലൂടെ ഉപദേശം നല്‍കിയ ആളെ പൊലീസ്‌ കണ്ടെത്തിയതാണ്‌. ആത്‌മഹത്യ ചെയ്‌ത യുവാവിന്റെ കംപ്യൂട്ടറില്‍ നിന്ന്‌ കിട്ടിയ വിവരങ്ങളാണ്‌ കണ്‍സള്‍ട്ടിംഗ്‌ ഏജന്റായി പ്രവര്‍ത്തിച്ച യുവാവിനെ കുടുക്കാന്‍ സഹായകമായത്‌.



- ടി.വി. സിജു

2 comments:

  1. ഇന്റര്‍നെറ്റ്‌ വഴി പരിചയപ്പെട്ട്‌ കല്ല്യാണം നടത്തുന്നത്‌ വാര്‍ത്തയല്ലാതാവുകയാണ്‌- പകരം മരണമാണ്‌ വാര്‍ത്ത. ജപ്പാനിലാണ്‌ ഈ സ്‌ഥിതി വിശേഷം കൂടുതലും.

    ReplyDelete
  2. സൈറ്റിന്റെ പേരു പറയൂ ചങ്ങാതി

    ReplyDelete